രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും

iffk.jpg

തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. വൈകിട്ട് ആറു മണിയ്ക്കാണ് സമാപനച്ചടങ്ങ്. നിശാഗന്ധിയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാകും. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങും.

അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലെ സിനിമകള്‍ക്കുള്ള അവാര്‍ഡുകളും നെറ്റ് പാക്, ഫിപ്രസ്‌കി, കെ.ആര്‍. മോഹനന്‍ അവാര്‍ഡുകളും സമ്മാനിക്കും. ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. വി.കെ പ്രശാന്ത് എം.എല്‍.എയാണ് അ‌ധ്യക്ഷൻ. ചടങ്ങിന് മുന്നോടിയായി അഞ്ചു മണിക്ക് കര്‍ണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള 'വിന്‍ഡ് ഓഫ് റിഥം' എന്ന സംഗീതപരിപാടി അരങ്ങേറും.

അതേസമയം സമാപനദിവസമായ വെള്ളിയാഴ്ച അ‌ഞ്ചു തിയറ്ററുകളിലായി 15 ചിത്രങ്ങളുടെ പ്രദർശനം മാത്രമാണുള്ളത്. അ‌വസാനദിനമായതിനാൽ ചിത്രങ്ങൾക്ക് റിസർവേഷനില്ല. മലയാള ചിത്രങ്ങളായ പ്രശാന്ത് വിജയ്‌യുടെ ദായം, വിഘ്നേഷ് പി. ശശിധരന്റെ ഷെഹറസാദെ, ശരത്കുമാർ വി.യുടെ നീലമുടി, സതീഷ് ബാബുസേനൻ- സന്തോഷ് ബാബുസേനൻ കൂട്ടുകെട്ടിൽ പിറന്ന ആനന്ദ് മൊണാലിസ മരണവും കാത്ത്‌ എന്നീ ചിത്രങ്ങൾക്കു പുറ​മേ ലില അവിലേസിന്റെ ടോട്ടം, റിയുസുകെ ഹമാഗുച്ചിയുടെ ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റ്, ഫർഹാദ് ഡെലാറാം സംവിധാനം ചെയ്ത അ‌ക്കില്ലെസ് എന്നീ ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനുണ്ട്.