തെന്നിന്ത്യയുടെ സംഗീത ചക്രവർത്തി ഇളയരാജയ്ക്കിന്ന് 81ാം പിറന്നാൾ

google news
ilayaraja

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് സംഗീതത്തിന്റെ ഒരു ലോകം പടുത്തുയർത്തിയ സംഗീതജ്ഞൻ..ഇന്ത്യന്‍ സിനിമാ സംഗീതലോകത്ത്​ ഇന്ന് പകരക്കാരനില്ലാത്ത ഒരാളാണ് ഇസൈജ്ഞാനി ഇളയരാജ. പ്രണയവും വിരഹവും സന്തോഷവും സങ്കടവുമെല്ലാം മനോഹരമായി ജനഹൃദയങ്ങളിലേക്ക് പകർന്ന തെന്നിന്ത്യയുടെ സംഗീത ചക്രവർത്തി ഇളയരാജയ്ക്കിന്ന് 81ാം പിറന്നാളാണ്.

തേനിയിലെ ഗ്രാമത്തിൽ ജനിച്ച ഇളയരാജ നാട്ടുകാർക്ക് രാസയ്യ ആയിരുന്നു. ചെറുപ്പം മുതൽ പാട്ടിനോട് കമ്പമുള്ള രാസയ്യയെ സംഗീത ഗുരു ധനരാജ് മാസ്റ്ററാണ് രാജയെന്ന് വിളിക്കുന്നത്. നിർമ്മാതാവ് പഞ്ചു അരുണാചലമാണ് ഇദ്ദേഹത്തെ ആദ്യമായി സിനിമയിലേക്ക് കൊണ്ട് വരുന്നത്. ഇദ്ദേഹമാണ് പേരിനൊപ്പം ഇളയ എന്നു കൂടി ചേർത്ത് ഇളയരാജ എന്നാക്കി മാറ്റിയത്. 

അന്നക്കിളി എന്ന ചിത്രത്തിലൂടെ 33-ാം വയസ്സിൽ വെള്ളിത്തിരയിൽ കാൽവെക്കുമ്പോള്‍ പുതിയൊരു ചരിത്രം കൂടി പിറക്കുകയായിരുന്നു. പിന്നീട് രാജ സ്റ്റൈൽ ഗാനങ്ങൾ വാഴ്ത്തപ്പെട്ടു. സിനിമാ താരങ്ങളുടെ പോസ്റ്ററുകളോടൊപ്പം ഇളയരാജയുടെ ചിത്രം കൂടി ഉണ്ടെങ്കിൽ സിനിമ കാണാൻ ആളുകൾ കൂടിയിരുന്ന കാലം വരെ ഉണ്ടായി. ഗാനങ്ങള്‍ ഗായകരിലൂടെ അറിയപ്പെട്ടിരുന്ന കാലത്തുനിന്ന്​ സംഗീത സംവിധായകരുടെ പേരില്‍ അറിയപ്പെടുന്ന പുതിയകാലം പിറന്നത് രാജയുടെ വരവോടെയാണ്.

ilayaraja

തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി 4500 ഓളം ഗാനങ്ങൾക്ക് ഇളയരാജ സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. 1993ൽ ക്ലാസ്സിക് ഗിറ്റാറിൽ ഇളയരാജ ലണ്ടനിലെ ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക്സിൽ നിന്നു സ്വർണ മെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ലണ്ടനിലെ റോയൽ ഫിൽ ഹാർമോണിക് ഓർക്കസ്ട്രയിൽ സിംഫണി ചെയ്ത ആദ്യ ഏഷ്യാക്കാരനെന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തം. ലോകത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി ബിബിസി തിരഞ്ഞെടുത്ത ഗാനങ്ങളിൽ ദളപതിക്ക് വേണ്ടി ഇളയരാജ ഈണമിട്ട ‘രാക്കമ്മ കയ്യേ തട്ട്’ എന്ന ഗാനവുണ്ടെന്നത് ഇന്ത്യാക്കാർക്ക് ഒന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണ്.

തമിഴരുടെ മാത്രമല്ല, മലയാളികളുടേയും നിത്യ ജീവിതത്തിന്‍റെ തന്നെ ഭാഗമായി മാറിയ സംഗീതമാണ് ഇളയരാജയുടേത്. 1978-ൽ പുറത്തിറങ്ങിയ ‘വ്യാമോഹം’ എന്ന ചിത്രമാണ് ഇളയരാജയെ മലയാളത്തിന് പരിചിതനാക്കിയത്. മലയാളത്തിൽ നൂറുകണക്കിന് ഗാനങ്ങൾ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.

നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇളയരാജ, നാല് തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നു തവണ മികച്ച സംഗീതസംവിധാനത്തിനും ഒരു തവണ മികച്ച പശ്ചാത്തല സംഗീതത്തിനുമായിരുന്നു. കൂടാതെ കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള ചലച്ചിത്ര പുരസ്കാരം മൂന്ന് തവണയും തമിഴ്നാട് സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള ചലച്ചിത്ര പുരസ്കാരം ആറ് തവണയും ഇളയരാജയെ തേടി എത്തിയിട്ടുണ്ട്. രാജ്യം അദ്ദേഹത്തെ പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചു.

Tags