ഐ.എഫ്.എഫ്.കെയില്‍ സാന്നിദ്ധ്യമറിയിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

People with disabilities from Different Art Center present at IFFK
People with disabilities from Different Art Center present at IFFK

തിരുവനന്തപുരം: അഭ്രപാളിയിലെ വിസ്മയങ്ങള്‍ കണ്ട് ആസ്വദിക്കുവാന്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരെത്തിയെത് ചലച്ചിത്രമേളയിലെ വേറിട്ട കാഴ്ചയായി.  ഭിന്നശേഷിക്കാരുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായാണ് കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ ഇന്നലെ (വ്യാഴം) ചലച്ചിത്ര മേളയില്‍ സിനിമ കാണാനെത്തിയത്.  

കെ.എസ്.എഫ്.ഡി.സിയും ചലചിത്ര അക്കാദമിയും ചേര്‍ന്ന് ഒരുക്കിയിട്ടുള്ള വ്യൂയിങ് റൂം സംവിധാനത്തിലൂടെ പ്രദര്‍ശിപ്പിച്ച  കുട്ടികളുടെ ചിത്രമായ കലാം സ്റ്റാന്‍ഡേര്‍ഡ് 5 ബി എന്ന സിനിമയാണ് ഭിന്നശേഷിക്കാര്‍ കണ്ട് കൈയടിച്ച് മടങ്ങിയത്. ചിത്രത്തിന്റെ നിര്‍മാതാവ് ടോം ജേക്കബിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഭിന്നശേഷിക്കാരെത്തിയത്. സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുവാന്‍ ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ഇന്‍ക്ലൂസീവ് ഇന്ത്യ എന്ന പേരില്‍ ഭാരതയാത്ര നടത്തിയിരുന്നു.  

ഈ ആശയം കൂടുതല്‍ സാമൂഹികമാക്കുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഡി.എ.സിയുടെ പ്രാതിനിധ്യം ഉറപ്പാക്കിയതെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ പറഞ്ഞു. ചലച്ചിത്ര നിര്‍മാണത്തിലും ഡിഫറന്റ് ആര്‍ട് സെന്റര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരികയാണ്.  ഇത്തരത്തില്‍ ഒന്നരമിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വസിനിമ കുട്ടികളുടെ നേതൃത്വത്തില്‍ നിര്‍മിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags