ദുരനുഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ പ്രശ്‌നക്കാരിയായി മുദ്രകുത്തും ; സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ് പത്മപ്രിയ
സ്ത്രീകളെ സിനിമാ പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തുന്നത് പണത്തിന് വേണ്ടിയെന്ന് നടി പത്മപ്രിയ. സിനിമയില്‍ പുരുഷന്മാര്‍ക്കാണ് മേധാവിത്വം. നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്നത്. സിനിമയില്‍ പവര്‍ഗ്രൂപ്പുണ്ട്. അമ്മ എന്ന താരസംഘടനയ്ക്ക് തലയും വാലുമില്ല. പുരുഷ മേധാവിത്വമുള്ള സിനിമകള്‍ക്കാണ് പലപ്പോഴും പ്രാധാന്യം. സ്ത്രീ മേധാവിത്വമുള്ള സിനിമകള്‍ കുറവാണെന്നും പത്മപ്രിയ പറഞ്ഞു. ദുരനുഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ പ്രശ്‌നക്കാരിയായി മുദ്രകുത്തപ്പെടുമെന്നും നടി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 'അതേ കഥകള്‍ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടില്‍' - എന്ന വിഷയത്തില്‍ കോഴിക്കോട് മടപ്പള്ളി കോളേജില്‍ സംസാരിക്കുകയായിരുന്നു പത്മപ്രിയ.
ഒരു സീന്‍ എടുക്കുമ്പോള്‍ പോലും നടിമാരുടെ അനുവാദം എടുക്കാറില്ല. തമിഴ് സിനിമ ചെയ്യുമ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് സംവിധായകന്‍ തന്നെ തല്ലി. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് സിനിമയില്‍ 35 വയസ് വരെ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് അനുമതി. 35 വയസിന് മുകളിലുള്ളവര്‍ക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ ജോലി ചെയ്യാന്‍ പറ്റില്ല. കൃത്യമായി ഭക്ഷണം നല്‍കില്ല. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കൂടെ കിടക്കേണ്ട അവസ്ഥയാണെന്നും പത്മപ്രിയ പറഞ്ഞു. 2017ല്‍ സഹപ്രവര്‍ത്തകയ്ക്ക് ദുരനുഭവമുണ്ടായപ്പോഴാണ് നിയമ സഹായവും കൗണ്‍സിലിങ്ങും നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ വൈകിപ്പിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്നും നടി പറഞ്ഞു. ഡബ്ല്യുസിസി അംഗങ്ങള്‍ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നത് പരിപൂര്‍ണ പരിഹാരമല്ലെന്നും പത്മപ്രിയ പറഞ്ഞു.