മതവികാരം വ്രണപ്പെടുത്തുന്നു; നയന്‍താരയുടെ സിനിമയ്‌ക്കെതിരെ പരാതി

nayanthara

നയന്‍താരയുടെ 'അന്നപൂരണി'യ്‌ക്കെതിരെ എഫ്‌ഐആര്‍. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് മുംബൈയിലെ എല്‍ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. ഇതേ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് റിപ്പബ്ലിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. മികച്ച പ്രതികരണം നേടിയ അന്നപൂരണി ബോക്‌സ് ഓഫീസില്‍ അഞ്ച് കോടി നേടിയിരുന്നു.

ശ്രീരാമന്‍ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്നയാളാണെന്ന് നടന്‍ ജയ് പറയുന്ന ഭാ?ഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതി. ചിത്രത്തില്‍ വാല്മീകിയുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമര്‍ശിക്കുകയും ചെയ്തുവെന്നും ഹിന്ദു ഐടി സെല്‍ മുംബൈ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ലോകം അറിയപ്പെടുന്ന ഷെഫ് ആകാന്‍ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയുള്ളതാണ് അന്നപൂരണിയുടെ കഥ. എന്നാല്‍ ഒരു ഹിന്ദു ക്ഷേത്രത്തിലെ പൂജാരിയുടെ മകള്‍ ആയതിനാല്‍, നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം പാകം ചെയ്യാന്‍ അന്നപൂരണി ഒരുപാട് വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടുന്നതും ചിത്രത്തില്‍ പറയുന്നു. ഒരു പാചക മത്സരത്തിന് മുമ്പ് നായിക സ്‌കാര്‍ഫ് കൊണ്ട് തല മറച്ച് ഇസ്ലാമിക നമസ്‌കാരം നടത്തുന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Tags