ആകെ ഒരു തിയറ്റർ, ഷോ ഹൗസ് ഫുൾ ; കേരളത്തിന് പുറത്തും തേരോട്ടം തുടർന്ന് എആർഎം
അന്യസംസ്ഥാനങ്ങളിലും വിസ്മയം തീർത്ത് അജയന്റെ രണ്ടാം മോഷണത്തിന്റെ കഥ . ഫേസ്ബുക്കിൽ അജിത് പുല്ലേരി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്. രാജസ്ഥാനിലെ ജൈസൻമീരിൽ ഉള്ള ഒരേയൊരു തിയറ്ററിൽ എആർഎം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു എന്നതാണ് പോസ്റ്റ്. കേരളത്തിന് പുറമെ ചിത്രത്തിന് കിട്ടിയ പാൻ ഇന്ത്യൻ സ്വീകര്യതയാണ് ഇതിലൂടെ ദൃശ്യമാവുന്നതും.
'Made my day. ARM റിലീസ് സമയത്ത് ഒരു രാജസ്ഥാൻ യാത്രയിലായിരുന്നു. ജൈസാൽമീരിൽ എത്തിയപ്പോൾ ഞങ്ങളുടെ ഗൈഡ് ഞാൻ ഒരു സിനിമ മേഖലയിൽ ജോലി ചെയ്യുന്ന ആൾ ആണ് എന്ന് അറിഞ്ഞത്‌കൊണ്ട് എനിക്ക് ഒരു സർപ്രൈസ് കാണിച്ചു. നമ്മുടെ സ്വന്തം മലയാള സിനിമ ജൈസാൽമീരിൽ ആകെ ഉള്ള ഒരു തീയറ്ററിൽ. ഇന്ത്യയിലെ മറ്റെല്ലാ ഭാഷയിലെ സിനിമകളും മാറ്റി വെച്ച് ARM ഹിന്ദി അവിടെ പ്രദർശിപ്പിക്കുന്നു. അതും നിറഞ്ഞ സദസ്സിൽ. നമ്മുടെ എല്ലാ താരങ്ങളെയും അവർക്ക് അറിയാം. വലിയ കട്ട് ഔട്ടുകൾ ഉൾപ്പെടെ വെച്ചുകൊണ്ട്. അഭിമാന നിമിഷം', എന്നായിരുന്നു അജിത് പുല്ലേരിയുടെ പോസ്റ്റ്.
നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസും യുജിഎം മോഷൻ പിക്ചേഴ്സും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചത്.ഇന്ത്യയിൽ നിന്നും'വിദേശത്തിനിന്നുമായി എആർഎമം 87 കോടിയിലധികം കളക്ഷൻ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം രചന നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരായാണ്.
മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുടുംബങ്ങളും കുട്ടികളും ഒരുപോലെ സ്വീകരിച്ച ത്രീഡി മലയാള ചിത്രം എന്ന ഖ്യാതിയും അജയന്റെ രണ്ടാം മോഷണത്തിന് സ്വന്തം. മുപ്പത് കോടിയിലധികം മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ലോകമെമ്പാടു നിന്നും വമ്പിച്ച അഭിപ്രായമാണ് ലഭിച്ചുവരുന്നത്.