ഹിന്ദി ടെലിവിഷന്‍ താരം ഡോളി സോഹി അന്തരിച്ചു; മരണം സഹോദരിയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ

google news
dolly sohi

മുംബൈ: പ്രശസ്ത ഹിന്ദി ടെലിവിഷന്‍ താരം ഡോളി സോഹി അന്തരിച്ചു. 48 വയസ്സായിരുന്നു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഡോളി സോഹിയുടെ സഹോദരിയും നടിയുമായ അമന്‍ദീപ് സോഹി മഞ്ഞപ്പിത്തം ബാധിച്ച് വ്യാഴാഴ്ച മരണപ്പെട്ടിരുന്നു. അമന്‍ദീപ് സോഹിയുടെ മരണം സംഭവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഡോളി സോഹിയുടെയും വിയോഗം.

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു കൂടപ്പിറപ്പുകളെയും   നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് താനെന്നായിരുന്നു സഹോദരന്‍ മനു സോഹി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

കലാശ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു ഡോളി സിനിമാരംഗത്ത് എത്തിയത്. ബാബി, മേരി ആഷികി തും സേ ഹി, മേരി ദുര്‍ഗ, കുങ്കും ഭാഗ്യ, പരിണീതി തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഝനക് എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. അന്‍വീത് ധനോവയാണ് ഭര്‍ത്താവ്.