ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ കുറിച്ചുള്ള ഡോക്യുമെന്‍ററി ചിത്രം വരുന്നു ; ഗോഥെ-സെന്‍ട്രത്തില്‍ ഫെബ്രുവരി 5ന് പ്രദര്‍ശിപ്പിക്കും

dsg


തിരുവനന്തപുരം: ജര്‍മ്മന്‍ ഭാഷാ സാംസ്കാരിക കേന്ദ്രമായ ഗോഥെ-സെന്‍ട്രവുമായി സഹകരിച്ച് ബെംഗളൂരുവിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റ് ജര്‍മ്മന്‍ മിഷനറിയും ഭാഷാ പണ്ഡിതനുമായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്‍ററി ചിത്രം പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു.

ഗുണ്ടര്‍ട്ടിന്‍റെ 209-ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 5 വൈകിട്ട് ഏഴിന് ജവഹര്‍ നഗറിലെ ഗോഥെ-സെന്‍ട്രത്തില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും.

ഇന്നര്‍ ഐ വേള്‍ഡിലെ ഗണേഷ് ശങ്കര്‍രാജും സംഘവും സംവിധാനം നിര്‍വഹിച്ച ഡോക്യുമെന്‍ററിയില്‍ കേരളത്തിന്‍റെ സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ ഗുണ്ടര്‍ട്ട് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. കേരളവും ജര്‍മ്മനിയും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധത്തിന്‍റെ തെളിവാണ് ഈ ഡോക്യുമെന്‍ററി.

ഫെബ്രുവരി 5 ന് ശേഷം ഡോക്യുമെന്‍ററി യുട്യൂബില്‍ ലഭ്യമായിരിക്കും.

ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ ജനിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (1814-1893) ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍റെ (ബിഇഎം) പ്രവര്‍ത്തനങ്ങളുമായാണ് ഇന്ത്യയിലെത്തിയത്. ദക്ഷിണേന്ത്യയിലെ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ പ്രത്യേകിച്ച് വടക്കന്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ ആഴത്തിലുള്ള വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി.

എഴുത്തുകാരനും ബഹുഭാഷാ പണ്ഡിതനുമായ ഗുണ്ടര്‍ട്ട് തലശ്ശേരിയില്‍ 1839 നും 1859 നും ഇടയില്‍ 20 കൊല്ലം ജീവിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഒരു സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്. ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു (1872) അദ്ദേഹത്തിന്‍റെ വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിന്‍റെ ഫലമാണ്.

രാജ്യസമാചാരം (1847) പ്രസിദ്ധീകരിച്ചുകൊണ്ട് മലയാള പത്രപ്രവര്‍ത്തനത്തിന്‍റെ തലതൊട്ടപ്പനായി അദ്ദേഹം മാറി. അതിനു ശേഷം പശ്ചിമോദയവും പ്രസിദ്ധീകരിച്ചു. മലയാള ഭാഷയിലെ സമഗ്ര വ്യാകരണ ഗ്രന്ഥമായ 'മലയാളഭാഷ വ്യാകരണം' (1859) ഗുണ്ടര്‍ട്ടിന്‍റെ ശ്രദ്ധേയമായ കൃതികളിലൊന്നാണ്.

ഡോക്യുമെന്‍ററിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ജര്‍മ്മന്‍ കോണ്‍സുലേറ്റ്, ബെംഗളുരുവിലെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യും. ഇന്‍സ്റ്റഗ്രാം: @germanconsulatebengaluru; X: @GermanCG_BLR. ഫേസ്ബുക്ക്: German Consulate General Bengaluru.
 
കേരളത്തിനും ജര്‍മ്മനിക്കുമിടയില്‍ സാംസ്കാരികവും ഭാഷാപരവുമായ പാലമായി പ്രവര്‍ത്തിച്ച ഗുണ്ടര്‍ട്ട് മലയാള ഭാഷയ്ക്കും പത്രപ്രവര്‍ത്തനത്തിനും സാഹിത്യത്തിനും മഹത്തായ സംഭാവനകളാണ് നല്കിയിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മിസ്റ്റര്‍ കാഞ്ചി അറോറ, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക കാര്യ ഉപദേഷ്ടാവ് കോണ്‍സുലേറ്റ് ജനറല്‍, ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി, ബെംഗളൂരു, ഫോണ്‍: 080 - 45300100. ഇമെയില്‍: wi-11@banga.auswaertiges-amt.de

Tags