ഗുണ കേവ്‌സില്‍ നിന്നെടുത്ത തലയോട്ടികൾ 'ഹേ റാം' എന്ന ചിത്രത്തില്‍ ഉപയോഗിച്ചു ; കമൽ ഹാസന്‍

kamal hasan

തമിഴ്നാട്ടിൽ നിന്നും മികച്ച പ്രതികരണമാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിക്കുന്നത്. 2024 ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം നിറഞ്ഞ  സദസ്സിൽ  വിജയകരമായി പ്രദർശനം തുടരുകയാണ്. മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തേയും അണിയറപ്രവർത്തകരേയും പ്രശംസിച്ച് കമൽഹാസൻ എത്തിയിരിന്നു.

ഇപ്പോഴിതാ ഗുണ കേവിൽ നിന്നുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ.ഗുണ കേവ്‌സില്‍ നിന്നെടുത്ത തലയോട്ടികൾ 'ഹേ റാം' എന്ന ചിത്രത്തില്‍ ഉപയോഗിച്ചുവെന്നാണ് മഞ്ഞുമ്മല്‍ ടീമുമായുള്ള കൂടിക്കാഴ്ചയിൽ നടൻ പറയുന്നത്.

'ഗുണ കേവിലുള്ള പാറ ഉണ്ടായിട്ട് അധികം വർഷമായിട്ടില്ല. ഒരു യങ് ഫോര്‍മേഷനാണത്. അതിലൊരു അപകടമുണ്ട്. റോക്ക് ക്ലൈമ്പിങ്ങിന് പറ്റിയതല്ല. കുരങ്ങുകള്‍ അപകടം മനസിലാക്കാതെ ഇതിനുള്ളിലേക്ക് വന്നു കയറും, തിരിച്ചു കയറാന്‍ ആകാതെ ചത്തുപോകും. ‘ഹേ റാം’ എന്ന ചിത്രത്തില്‍ ഒരു രംഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന മൂന്ന് കുരങ്ങ് തലയോട്ടികള്‍ ഗുണ കേവില്‍ നിന്നും എടുത്തതാണ്- കമൽ ഹാസൻ പറഞ്ഞു.

' ഗുണ' എന്ന സിനിമക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര് 'മതികെട്ടാന്‍ ഷോലൈ' എന്നായിരുന്നു. പക്ഷെ ടീം അംഗങ്ങൾ അന്ന് ആ പേര് ഒരുപോലെ എതിര്‍ത്തു. ഗുണാ കേവിലേക്ക് പോകാനുള്ള വഴി ഞങ്ങള്‍ ഉണ്ടാക്കിയതാണ്. കേവ് വിനോദസഞ്ചാര കേന്ദ്രമായി മാറിയതിന് ശേഷം ആ സ്ഥലത്തെ പഴയ മനോഹാരിത നഷ്ടപ്പെട്ടിട്ടുണ്ട്- കമൽ ഹാസൻ കൂട്ടിച്ചേർത്തു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് കമൽഹാസന്റെ വിഡിയോ പുറത്തെത്തിയത്.

Tags