46 വർഷം, 537 ഗാനങ്ങൾ, 24,000 നൃത്തച്ചുവടുകൾ; ചിരഞ്ജീവിക്ക് ഗിന്നസ് ലോക റെക്കോർഡ്
ഗിന്നസ് റെക്കോർഡുമായി മെഗാസ്റ്റാർ ചിരഞ്ജീവി. ഏറ്റവും കൂടുതൽ ഗാനങ്ങളിൽ ഏറ്റവും കൂടുതൽ നൃത്ത ചുവടുകൾ വെച്ച നായകൻഎന്ന ഗിന്നസ് വേൾഡ് റെക്കോർഡാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ആക്ടർ/ഡാൻസർ കാറ്റഗറിയിൽ മോസ്റ്റ് പ്രോളിഫിക് സ്റ്റാർ (Most Prolific Star) പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്.
ചിരഞ്ജീവിയുടെ ആദ്യ ചിത്രത്തിന്റെ 46 -ാം വാർഷികമായ സെപ്റ്റംബർ 22 നാണ് പുതിയ റെക്കോർഡ് തേടിയെത്തിയത്. 1978 ലായിരുന്നു ചിരഞ്ജീവിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ഗിന്നസ് വേൾഡ് റെക്കോർഡ്സിൻറെ പ്രതിനിധി റെക്കോഡ് സംബന്ധിച്ച സർട്ടിഫിക്കറ്റ് ചിരഞ്ജീവിക്ക് കൈമാറി. ചടങ്ങിൽ ബോളിവുഡ് താരം ആമിർ ഖാനും പങ്കെടുത്തു.
45 വർഷത്തെ കരിയറിൽ 156 സിനിമകളിലായി 537 ഗാനങ്ങളിലായി 24,000-ത്തിലധികം നൃത്തച്ചുവടുകൾ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ ഗിന്നസ് റെക്കോഡ് ലഭിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്ന് ഇത്തരമൊരു അംഗീകാരം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബഹുമതിയോട് പ്രതികരിച്ചുകൊണ്ട് ചിരഞ്ജീവി പറഞ്ഞു. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിരഞ്ജീവി അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ചിരഞ്ജീവിയെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. മുമ്പ് 2006-ൽ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. തന്റെ ഫിലിം കരിയറിന്റെ ഭാഗമായി, നൃത്തം എന്നത് ജീവിതത്തിൽ സുപ്രധാനമായി മാറിയിരുന്നു. സാവിത്രിയെ പോലുള്ള പ്രതിഭകളുടെ മുൻപിൽ നൃത്തം ചെയ്യാൻ കഴിഞ്ഞ നിമിഷവും സ്ക്രീനിലെ ആദ്യ നൃത്തച്ചുവടും താനിപ്പോഴും ഓർക്കുന്നു.
തനിക്ക് ലഭിച്ച അംഗീകാരം സംവിധായകർക്കും നിർമാതാക്കൾക്കും, സംഗീത സംവിധായകർക്കും, നൃത്ത സംവിധായകർക്കും സമർപ്പിക്കുകയാണെന്ന് ചിരഞ്ജീവി ഗിന്നസ് ബഹുമതിയോട് പ്രതികരിച്ചു.