'ഗു' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു ​​​​​​​

sg


മന്ത്രമൂർത്തികളിൽ പ്രധാനിയും സർവ്വവ്യാപിയുമായ ഗുളികൻ തെയ്യത്തിന്‍റെ ഒരു നോട്ടം മാത്രം മതി ആരും ഒന്ന് പേടിക്കും. ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികന്‍റെ വരവറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് 'ഗു' എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ. ഗുളികൻ, യക്ഷി, പ്രേതം, ബാധ...അങ്ങനെ അരൂപികളുടെ പേടിപ്പെടുത്തുന്ന ലോകം കൺമുന്നിൽ എത്തിക്കാൻ ഒരുങ്ങുകയാണ് മെയ് 17ന് റിലീസിനൊരുങ്ങുന്ന ഫാന്‍റസി ഹൊറർ ചിത്രമായ 'ഗു'. കാണുന്നവരിൽ ഭയം നിറയ്ക്കുന്ന ഒട്ടേറെ സംഭവങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. 


മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ തറവാട്ടിലേക്ക് അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ഗുളികൻ തെയ്യത്തിന്‍റെ പശ്ചാത്തലത്തിൽ കാണുന്നവരെ ഭയത്തിലാഴ്ത്തുന്ന ഒട്ടേറെ സംഭവങ്ങളുമായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.  
കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവും അമ്പരപ്പിക്കുന്നതുമായ 'ഗു' സിനിമയുടെ പോസ്റ്ററുകളെല്ലാം മുമ്പ് ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. ഇപ്പോഴിതാ ട്രെയിലർ ഏവരേയും ഭയത്തിന്‍റെ മുള്‍മുനയിൽ നിർത്തിയിരിക്കുകയാണ്. മികച്ചൊരു ദൃശ്യശ്രവ്യ അനുഭവമായിരിക്കും ചിത്രമെന്ന് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നുണ്ട്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ചിത്രത്തിൽ ശബ്‍ദ സാന്നിധ്യമായി മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലും എത്തുന്നുവെന്നതും ഒരു പ്രത്യേകതയാണ്. 


നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം 'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. ചിത്രത്തിൽ സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'ഗു'. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, കുഞ്ചൻ,  നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്‌: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂ‍ർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്ഷൻ കൺട്രോളർ‍: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ‍, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, ഡിസൈൻസ്: റോക്കറ്റ് സയൻസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

Tags