'മെഷീനിസ്റ്റിലെ ബെയ്‌ലിന്റെ ഡെഡിക്കേഷൻ പ്രചോദനമായി'; ആടുജീവിതത്തിലെ ഹക്കീമാകാൻ നടത്തിയ ട്രാൻസ്ഫോർമേഷനെക്കുറിച്ച് ഗോകുൽ

gokul

മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിലൊരുങ്ങിയ ആടുജീവിതം. സിനിമയുടെ റിലീസിനുശേഷം പൃഥ്വിരാജിനെപ്പോലെ തന്നെ പ്രകടനം കൊണ്ട് കയ്യടി നേടുന്ന മറ്റൊരാളാണ് ഹക്കീം എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച കെ.ആർ ​ഗോകുൽ. ഇപ്പോഴിതാ ആടുജീവിതത്തിലെ ഹക്കീമാകാൻ നടത്തിയ ട്രാൻസ്ഫോർമേഷനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ഗോകുൽ.

മരുഭൂമിയില്‍ പെട്ടതിന് ശേഷമുള്ള ഹക്കിമിനെ വിശ്വസനീയമാക്കാനായി 20 കിലോ ശരീരഭാരമാണ് ഗോകുല്‍ കുറച്ചത്. 64 കിലോയില്‍ നിന്ന് 44 കിലോയിലേക്ക് ശരീരഭാരം എത്തിച്ചിരുന്നു ​ഗോകുൽ. ഇതിന് പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്‌ൽ മെഷീനിസ്റ്റ് എന്ന സിനിമയ്ക്കായി നടത്തിയ ട്രാൻസ്ഫോർമേഷൻ ആണെന്നാണ് ഗോകുൽ പറയുന്നത്. 

'ആടുജീവിതത്തിലെ കഥാപാത്രത്തിനായി തയ്യാറെടുക്കുമ്പോൾ ക്രിസ്റ്റ്യൻ ബെയ്‌ലിന്റെ ഡെഡിക്കേഷൻ തനിക്ക് പ്രചോദനമായി. 2004-ലെ മെഷീനിസ്റ്റ് എന്ന ത്രില്ലർ ചിത്രത്തിലെ ട്രെവർ റെസ്‌നിക് എന്ന ഇൻസോമ്നിക് കഥാപാത്രത്തിനായി ബെയ്ൽ നടത്തിയ ശാരീരികമായ മാറ്റങ്ങൾ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ദിവസവും വെള്ളവും ഒരു ആപ്പിളും ഒരു കപ്പ് കാപ്പിയും മാത്രം കഴിച്ച് 28 കിലോ ഭാരമാണ് കുറച്ചത്. ബെയ്‌ലിന്റെ പ്രകടനം സിനിമയ്ക്ക് ഒരു കൾട്ട് സ്റ്റാറ്റസ് നൽകി'യെന്നും ഗോകുൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഒപ്പം മെഷീനിസ്റ്റിലെ ബെയ്‌ലിന്റെ പ്രശസ്തമായ ചിത്രത്തിന് സമാനമായ പോസിൽ ഒരു ചിത്രവും ഗോകുൽ പങ്കുവെച്ചിട്ടുണ്ട്.