ഗെയിം ചെയ്ഞ്ചർ ഒ.ടി.ടിയിലേക്ക്; റിലീസ് തീയതി പുറത്ത്


രാം ചരണും സംവിധായകൻ ശങ്കറും ആദ്യമായി ഒന്നിച്ച ഗെയിം ചെയ്ഞ്ചർ ഒ.ടി.ടിയിലേക്ക്. ഫെബ്രുവരി ഏഴ് മുതൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ സിനിമ ലഭ്യമാകും. ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പിന്‍റെ റിലീസ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ചിത്രം.
ബോക്സ്ഓഫിസിൽ വൻ പരാജയമായിരുന്നു ചിത്രം. ജനുവരി 10നാണ് ഗെയിം ചെയ്ഞ്ചർ തിയറ്ററുകളിലെത്തിയത്. 450 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയത്. 80 ലക്ഷം മാത്രമാണ് ചിത്രത്തിന് കേരളത്തിൽ നിന്ന് നേടാനായത്. ഒരു ശങ്കർ ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ഏറ്റവും കുറഞ്ഞ കളക്ഷൻ ആണ് ഗെയിം ചേഞ്ചറിൻ്റേത്.
ഇന്ത്യൻ 2 വിന് ശേഷം ശങ്കറിന്റേതായി റിലീസ് ചെയ്യുന്ന ചിത്രമാണ് ഗെയിം ചെയ്ഞ്ചർ. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയാവുന്നത്. ദിൽ രാജു നിർമിക്കുന്ന ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത് തമനാണ്. അഞ്ജലി, ശ്രീകാന്ത്, സുനിൽ, നവീൻ ചന്ദ്ര, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
