കാത്തിരിപ്പിന് വിരാമം; പുഷ്പ 2-ലെ ആദ്യ ഗാനമെത്തി

google news
song

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്  അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2-വിലെ ആദ്യ ഗാനം പുറത്തിറങ്ങി. ലോക തൊഴിലാളി ദിനമായ മേയ് 1-നാണ് ഗാനം പുറത്തിറങ്ങിയത്. 'നിന്റെ കയ്യാണ് നിന്റെ ബ്രാന്‍ഡ്' എന്ന ടാഗ് ലൈനോടെ എത്തിയ 'പുഷ്പ പുഷ്പ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് തെലുങ്കിലും തമിഴിലും നകാഷ് അസീസ്, ദീപക് ബ്ലൂ, മലയാളത്തില്‍ രഞ്ജിത്ത് കെ ജി, ഹിന്ദിയില്‍ മിക്കാ സിങ്ങ്, ദീപക് ബ്ലൂ, കന്നഡയില്‍ വിജയ് പ്രകാശ്, ബംഗാളിയില്‍ തിമിര്‍ ബിശ്വാസ് എന്നിവരാണ്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു ഗാനമാണ് ദേവി ശ്രീ പ്രസാദ് ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 15-നാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.

2021-ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രം നേടിക്കൊടുത്തു  
 

Tags