'പെഡ്‌ഡി' സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്


തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. 'പെഡ്‌ഡി' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പ്രീ-ലുക്ക് ഇന്നലെ റിലീസ് ചെയ്തിരുന്നു. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് റിലീസ് ചെയ്തത്. ബുചി ബാബു സന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം രാം ചരണിൻ്റെ പതിനാറാം ചിത്രമാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിർമ്മാണം. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.
രാം ചരണിൻ്റെ കഥാപാത്രത്തിൻ്റെ ശക്തിയും തീവ്രതയും പ്രേക്ഷകരിൽ എത്തിക്കുന്ന രീതിയിലാണ് ചിത്രത്തിന് 'പെഡ്‌ഡി' എന്ന പേര് നൽകിയിരിക്കുന്നത്. പരുക്കൻ വസ്ത്രം ധരിച്ച്, സിഗരറ്റ് വലിക്കുന്ന രീതിയിൽ വളരെ പരുക്കനായും ഉഗ്ര രൂപത്തിലുമാണ് രാം ചരണിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗംഭീരമായ ശാരീരിക പരിവർത്തനത്തിനാണ് അദ്ദേഹം വിധേയനായിരിക്കുന്നത് എന്നും ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള ആകാംഷ വർധിപ്പിക്കുന്ന ഇതിന്റെ രണ്ടാമത്തെ പോസ്റ്ററിൽ അദ്ദേഹം ഒരു പഴയ ക്രിക്കറ്റ് ബാറ്റ് കൈവശം വച്ചിരിക്കുന്നതായി ആണ് കാണിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ ഫ്ളഡ്ലൈറ്റുകൾ കൊണ്ട് പ്രകാശിപ്പിച്ച ഒരു ഗ്രാമീണ സ്റ്റേഡിയമുണ്ട്. ഈ പോസ്റ്ററുകൾ ചിത്രത്തിൻ്റെ പശ്ചാത്തലത്തെക്കുറിച്ചും ആഖ്യാനത്തെക്കുറിച്ചും കൗതുകം ജനിപ്പിക്കുകയും ഗ്രാമീണ തീവ്രതയുടെയും ആകർഷകമായ ഡ്രാമയുടേയും കോർത്തിണക്കൽ സൂചിപ്പിക്കുകയും ചെയ്യുന്നു.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ബുചി ബാബു സന. വലിയ ബജറ്റ്, വിസ്മയകരമായ ദൃശ്യങ്ങൾ, ലോകോത്തര നിർമ്മാണ മൂല്യങ്ങൾ, അത്യാധുനിക സാങ്കേതിക മികവ് എന്നിവ ഉപയോഗിച്ച് അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം അദ്ദേഹം ഒരുക്കുന്നത്. രാം ചരൺ - ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിലെ മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവരുടെ വിവരങ്ങൾ വൈകാതെ പുറത്തു വിടും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി