ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2023: ഇരട്ടി വിജയത്തിൽ ഗരുഡൻ

garudan

2023 ലെ  47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ ഇരട്ടി വിജയത്തിൽ ഗരുഡൻ. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ബിജുമേനോൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ സിനിമയും ഗരുഡൻ തന്നെയാണ്. നവംബർ 3 നായിരുന്നു ഗരുഡൻ റിലീസായത്. സുരേഷ് ഗോപി - ബിജു മേനോൻ, അഭിരാമി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. 

മിഥുൻ മാനുവൽ തിരക്കഥ എഴുതി അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് ഗരുഡൻ. 12 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച സുരേഷ് ഗോപി - ബിജു മേനോൻ കൂട്ടുക്കെട്ട് പ്രേക്ഷകർക്കിടയിൽ ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഗംഭീര പ്രകടനങ്ങൾ കൊണ്ടും, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ കൊണ്ടും ഗരുഡൻ പ്രേക്ഷക പ്രീതി നേടിയതിനൊപ്പം തന്നെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട കോംബോ ആയി മാറിയിരുന്നു. റിലീസ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ തന്നെ അഞ്ചാംപാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കിയ ത്രില്ലർ ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു. 

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച, ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്,  എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ,  മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. 

Tags