തലയിൽ മൂന്ന് സ്റ്റിച്ച്, ഡോക്ടറുടെ താക്കീത്; എന്നിട്ടും മഞ്ജു വാര്യർ അത് ചെയ്തു, മുഴുവൻ കൈയടിയും താരത്തിന് അവകാശപ്പെട്ടത്

google news
manju

കൊച്ചി:മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ ആരാധകർ റിലീസിനായി കാത്തിരിക്കുകയാണ്. മേയ് 20നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന ഖ്യാതി സ്വന്തമാക്കിയ താരത്തിന്റെ ഗംഭീര പെർഫോമൻസ് പുതിയ ചിത്രത്തിലും കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ താരത്തിന്റെ അർപ്പണബോധത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ജാക്ക് ആൻഡ് ജില്ലിന്റെ സംഭാഷണ രചയിതാക്കളിൽ ഒരാളായ സുരേഷ് കുമാർ രവീന്ദ്രൻ.

തന്റെ പരിക്കുകൾ മറന്ന് തൊഴിലിൽ മുഴുവൻ ആത്മാർത്ഥതയും പ്രകടിപ്പിക്കുന്ന താരമാണ് മഞ്ജു വാര്യർ എന്ന അഭിനന്ദനമാണ് സുരേഷ് കുമാർ നൽകുന്നത്. തലയിൽ മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നിട്ടും ഡോക്ടർ വിശ്രമിക്കാൻ നിർദേശം നൽകിയിട്ടും മണിക്കൂറുകൾ നീണ്ട ഷൂട്ടിംഗ് താരം പൂർത്തിയാക്കിയെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് കുമാർ പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘ജാക്ക് & ജിൽ’, അവസാന ദിവസത്തെ ഷൂട്ട് നടക്കുന്ന സമയം. തലേദിവസത്തെ ഫൈറ്റ് രംഗത്തിനിടയിൽ സംഭവിച്ച പരിക്ക് (തലയിൽ 3 സ്റ്റിച്ച്) വക വയ്ക്കാതെ, ഒരു ‘സ്‌പെഷ്യൽ ആക്ഷൻ’ ഉൾപ്പെടെ മണിക്കൂറുകൾ നീണ്ടു നിന്ന മറ്റൊരു ഫൈറ്റ് രംഗം അസാധ്യമായി പെർഫോം ചെയ്തു കഴിഞ്ഞ്, മഞ്ജു മാഡം ലാസ്റ്റ് ഫ്രെയിമിന് പോസ് ചെയ്യുന്നു. ഏതാണ്ട് ഒന്നോ രണ്ടോ മിനിറ്റ് നീണ്ടു നിന്ന നിശബ്ദതയ്ക്കു ശേഷം, ക്യാമറയുടെ പിറകിൽ നിന്ന് സന്തോഷ് സാർ ഉറക്കെ വിളിച്ചു പറഞ്ഞു, “കട്ട് ഇറ്റ്… ആൻഡ്… “.

“ആൻഡ്?”

“ആൻഡ്…. പാക്കപ്പ്!”

പിന്നെ അവിടെ സംഭവിച്ചത് ‘ഹരിപ്പാട് പൂര’മായിരുന്നു! ഏറെ നേരം നീണ്ടു നിന്ന കരഘോഷം അവിടമാകെയൊരു ഉത്സവപ്രതീതി സൃഷ്ടിച്ചു. നീണ്ട 43 ദിവസത്തെ ആ ഷെഡ്യൂൾ അവസാനിച്ചതിൽ ഒരുപാട് വിഷമം തോന്നി. അവസാന ദിവസത്തെ ഷൂട്ട് മാറ്റി വയ്‌ക്കേണ്ടി വരുമോ എന്നു പോലും ഭയപ്പെട്ടിരുന്ന സാഹചര്യത്തിൽ, “വിശ്രമം കൂടിയേ തീരൂ” എന്ന ഡോക്ടറിന്റെ നിർദ്ദേശം പോലും വക വയ്ക്കാതെ, ധൈര്യപൂർവ്വം ക്യാമറയ്ക്കു മുന്നിലെത്തിയ മഞ്ജു മാഡത്തിന്റെ ആ ഒരു മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അപ്പോൾ അവിടെ മുഴങ്ങി കേട്ട കരഘോഷത്തിന്റെ പകുതിയും ആൾക്കു വേണ്ടിയുള്ളതായിരുന്നു!

‘സന്തോഷ് ശിവൻ, മഞ്ജു വാരിയർ’ കോമ്പിനേഷൻ എന്നത് എല്ലാക്കാലവും സംഭവിക്കുന്ന ഒന്നല്ല എന്ന ഉൾബോധത്തോടൊപ്പം ഇരുവരുടെയും പ്രൊഫഷണൽ സമീപനത്തിന്റെ പാരമ്യതയും ചേരുമ്പോൾ, ആ ദിവസത്തെ ആ ഒരു സെഷൻ, ‘ജാക്ക് & ജിൽ’ ക്രൂവിനെ സംബന്ധിച്ച് ഒരിക്കലും മറക്കാൻ കഴിയാത്തൊരു അനുഭവമാണ്. മേയ് 20’ന് സ്‌ക്രീനിൽ ഓരോ രംഗവും തെളിയുമ്പോൾ, മനസിൽ അതാത് രംഗങ്ങളുടെ പിറകിലെ രസകരമായ അനുഭവങ്ങളും തെളിയും, ഉറപ്പാണ്. കാത്തിരിക്കുന്നു.

സയൻസ് ഫിക്‌ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, സേതുലക്ഷ്മി, എസ്തർ അനിൽ എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ സന്തോഷ് ശിവൻ, അജിൽ എസ്.എം. സംഭാഷണം, സുരേഷ്‌കുമാർ രവീന്ദ്രൻ, അമിത് മോഹൻ രാജേശ്വരി, വിജേഷ് തോട്ടിങ്ങൽ ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ, റാം സുന്ദർ, സംഗീതം ഗോപിസുന്ദർ, റാം സുന്ദർ, ജേക്സ് ബിജോയ്. മേയ് 20ന് തിയേറ്ററിൽ എത്തുന്ന ചിത്രം ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് നിർമ്മാണം.

Tags