കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി കുറച്ചത് 18 കിലോ; രൺദീപ് ഹൂഡയെ ബോളിവുഡിന്റെ 'ക്രിസ്റ്റ്യൻ ബെയ്ൽ' എന്ന് വിശേഷിപ്പിച്ച് ആരാധകർ

randeep hooda

നടൻ രൺദീപ് ഹൂഡ കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രം വലിയരീതിയിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. തന്റെ പുതിയ ചിത്രമായ 'സ്വതന്ത്ര വീർ സവർക്കർ' റിലീസിനായി ഒരുങ്ങുന്നതിനിടെയാണ് അദേഹത്തിന്റെ പുതിയ ഫോട്ടോ ജനശ്രദ്ധനേടുന്നത്. സവർക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാ​ഗമായി രൺദീപ് ഹൂഡ നടത്തിയ ബോഡി ട്രാന്‍സ്ഫര്‍മേഷനാണ് ചിത്രത്തിലുള്ളത്.

ചിത്രം പുറത്തുവന്നതിനുപിന്നാലെ രൺദീപിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രം​ഗത്തെത്തിയത്. ദ മെഷീനിസ്റ്റ് എന്ന ചിത്രത്തിനുവേണ്ടി ക്രിസ്റ്റ്യൻ ബെയ്ൽ നടത്തിയ രൂപമാറ്റത്തിന് തുല്യമാണിതെന്നാണ് പലരും വിശേഷിപ്പിച്ചത്. ബോളിവുഡിന്റെ ക്രിസ്റ്റ്യൻ ബെയ്ലെന്നും ഇന്ത്യൻ ക്രിസ്റ്റ്യൻ ബെയ്ലെന്നും ആരാധകർ കമന്റ് ബോക്സിൽ പ്രതികരണമറിയിച്ചു. 

കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി 18 കിലോയോളമാണ് രൺദീപ് കുറച്ചത്. കാലാ പാനി എന്നാണ് ഈ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. കാലാ പാനി ജയിലിലെ രം​ഗങ്ങൾ ചിത്രീകരിക്കുമ്പോഴുള്ള രൺദീപിന്റെ ലുക്ക് ആണിതെന്നാണ് വിലയിരുത്തൽ.

രൺദീപ് ആദ്യമായി സംവിധാനംചെയ്യുന്ന സിനിമയാണിത്. 2021 ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലണ്ടൻ, മഹാരാഷ്ട്ര, ആൻഡമാൻ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അങ്കിത ലോഖണ്ടെയാണ് ചിത്രത്തിലെ നായിക. ആർ ഭക്തി ക്ലെൻ, മാർക്ക് ബെന്നിങ്ടൺ, അമിത് സിയാൽ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാർച്ച് 22 ന് ചിത്രം റിലീസ് ചെയ്യും.