വാഹനാപകടത്തിൽ തെലുങ്കിലെ പ്രശസ്ത ​ഗായിക മാങ്ക്‌ലിക്ക് പരിക്ക്

google news
mangli.jpg

ഹൈദരാബാദ്: വാഹനാപകടത്തിൽ തെലുങ്കിലെ പ്രശസ്ത യുവ​ഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്‌ലിക്ക് പരിക്ക്. തെലങ്കാനയിലെ തൊണ്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിലാണ് മാങ്ക്‌ലിക്ക് പരിക്കേറ്റത്. ഞായറാഴ്ച ഷംഷാബാദിൽ ഒരു ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങിവരവേ മാങ്ക്‌ലി സഞ്ചരിച്ചിരുന്ന കാറിനുപിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ ട്രക്ക് ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അപകടസമയം രണ്ട് സുഹൃത്തുക്കളും ​ഗായികയ്ക്കൊപ്പം കാറിലുണ്ടായിരുന്നു. ​മാങ്ക്‌ലിയുൾപ്പെടെയുള്ളവരെ ഉടനടി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവർ ഉടൻ ആശുപത്രിവിടുമെന്നാണ് റിപ്പോർട്ട്. അതേസമയം താൻ സുരക്ഷിതയാണെന്നും ചെറിയ അപകടമാണുണ്ടായതെന്നും മാങ്ക്‌ലി പിന്നീട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

തെലുങ്ക് ചലച്ചിത്രരം​ഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലംപറ്റുന്ന ​ഗായികമാരിൽ ഒരാളാണ് മാങ്ക്‌ലി. അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തിലെ രാമുലോ രാമുലാ, സീട്ടി മാർ-ലെ ജ്വാലാ റെഡ്ഡി, പുഷ്പയിലെ ഓ അണ്ടവാ മാമാ (കന്നഡ), വിക്രാന്ത് റോണഎന്ന ചിത്രത്തിലെ രാ രാ രക്കമ്മ (തെലുങ്ക് പതിപ്പ്) തുടങ്ങി നിരവധി ​ഗാനങ്ങൾ ആലപിച്ച ​ഗായികയാണ് അവർ. വിജയ് ദേവരകൊണ്ട നായകനായ ദ ഫാമിലി സ്റ്റാർ എന്ന ചിത്രത്തിനുവേണ്ടി മാങ്ക്‌ലി ആലപിച്ച 'കല്യാണി വച്ചാ വച്ചാ' എന്ന ​ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.