പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

gandhimathi balan

പ്രശസ്ത ചലച്ചിത്ര നിർമാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന ഗാന്ധിമതി ബാലൻ അന്തരിച്ചു. 66 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ പലതിന്റെയും നിർമാണം ഗാന്ധിമതി ബാലനായിരുന്നു.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിർമാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലൻ പിന്നീട് ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം , മൂന്നാം പക്കം , തൂവാനത്തുമ്പികൾ , സുഖമോ ദേവി , മാളൂട്ടി , നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താംമുദയം തുടങ്ങി 30 ൽ പരം സിനിമകളുടെ നിർമാണവും വിതരണവും നടത്തി.

സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ കൂടിയായിരുന്നു. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. കുറച്ചു വർഷങ്ങൾക്ക് മുൻപ് മകളുടെ സൈബർ ഫോറൻസിക് ലാബും സൈബർ ഫോറൻസിക് സോഫ്റ്റ്‌വെയറുകളും ചേർന്ന സ്ഥാപനത്തിന്റെ അമരത്തേക്ക് ബാലൻ കടന്നിരുന്നു. 

ഭാര്യ - അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്‌സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ - മെഡ്‌റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി).
മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ - ആലിബൈ സൈബർ ഫോറെൻസിക്‌സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്‌സ്‌പോർട്‌സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).