പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും നടനുമായ മോഹൻ നടരാജൻ അന്തരിച്ചു

Mohan Natarajan
Mohan Natarajan

ചെന്നൈ: തമിഴ് ചലച്ചിത്ര നിർമാതാവ് മോഹൻ നടരാജൻ അന്തരിച്ചു. 71 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെ സ്വവസതിയിൽ മൃതദേഹം പൊതുദർശനത്തിനുവെയ്ക്കും. ഉച്ചയ്ക്ക് മൂന്നുമണിക്ക് ശേഷം ചെന്നൈ തിരുവൊട്ടിയൂരിലാണ് സംസ്കാരം.

വിജയ് നായകനായ കണ്ണുക്കുൾ നിലവ്, അജിത്തിന്റെ ആൾവാർ, വിക്രം നായകനായ ദൈവ തിരുമകൾ, സൂര്യയുടെ വേൽ തുടങ്ങി തമിഴ് സിനിമയിൽ നിരവധി സൂപ്പർഹിറ്റുകളൊരുക്കിയ നിർമാതാവാണ് മോഹൻ നടരാജൻ. 1986-ൽ പൂക്കളൈ പറിക്കാതീർകൾ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് ചലച്ചിത്രമേഖലയിലേക്കുള്ള മോഹന്റെ വരവ്. ശ്രീ രാജാകാളിയമ്മൻ എന്റർപ്രൈസസിന്റെ ബാനറിലായിരുന്നു ചിത്രങ്ങൾ നിർമിച്ചിരുന്നത്. വിക്രം നായകനായ ദൈവ തിരുമകളാണ് അവസാനചിത്രം. ഇതിന്റെ സഹനിർമാതാവായിരുന്നു അദ്ദേഹം. 

നിർമാണത്തിനുപുറമേ അഭിനയത്തിലും കഴിവുതെളിയിച്ചയാളായിരുന്നു മോഹൻ. ചെയ്തതിൽ ഭൂരിഭാ​ഗവും വില്ലൻ വേഷങ്ങളാണ്. നമ്മ അണ്ണാച്ചി, സക്കരൈ തേവൻ, കോട്ടൈ വാസൽ, പുതൽവൻ, പിള്ളൈക്കാ​ഗ, പാട്ടുപാടവാ, അരൺമനൈ കാവലൻ, പദവിപ്രമാണം, മഹാനദി, പട്ടിയൽ എന്നിവയാണ് അദ്ദേഹം വേഷമിട്ട ചിത്രങ്ങൾ.