പ്രശസ്ത ഫാഷന്‍ ഐക്കണ്‍ ഐറിസ് അപ്‌ഫെല്‍ അന്തരിച്ചു

Apfel

ആ​ഗോള ഫാഷന്‍ രം​ഗത്തെ ഏറ്റവും മുതിർന്ന അമേരിക്കന്‍ വസ്ത്രാലങ്കാരവിദ​ഗ്ധ ഐറിസ് അപ്ഫെൽ അന്തരിച്ചു. 102 വയസ്സായിരുന്നു. ആഗോള ശ്രദ്ധനേടിയ സംരംഭകയും ഇന്റീരിയര്‍ ഡിസൈനറുമായിരുന്നു ഐറിസ്. അവരുടെ വലിയ വട്ടക്കണ്ണടയും ചുവന്ന ലിപ്‌സ്റ്റിക്കും വെളുത്ത മുടിയും സാമൂഹ്യമാധ്യമങ്ങളില്‍ താരമാക്കിയിരുന്നു. 

1950 മുതല്‍ 1992 വരെ വസ്ത്രാലങ്കാരവി​ദ​ഗ്ധ എന്ന നിലയില്‍ ഒമ്പത് അമേരിക്കന്‍ പ്രസിഡന്റുമാർക്കുവേണ്ടി വസ്ത്രം ഒരുക്കി. 2019ൽ ഇന്റർനാഷണൽ മാനേജ്മെന്റ് ഗ്രൂപ്പിന്റെ മോഡലാകാനുള്ള കരാർ 97–ാം വയസ്സിൽ ഐറിസ് ഒപ്പിട്ടിരുന്നു. ഐറിസ് ഡിസൈൻ ചെയ്ത് തരം​ഗമായി മാറിയ വസ്ത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനം ന്യുയോര്‍ക്കില്‍ ഒരുക്കിയിരുന്നു.

1921-ൽ ന്യൂയോർക്കിലെ ജൂതകുടുംബത്തിലായിരുന്നു ഐറിസിന്റെ ജനനം. 1948ൽ കാള്‍ ആഫെലിനെ വിവാഹം കഴിച്ചു. ഇരുവരും ചേർന്ന്‌ ‘ഓള്‍ഡ് വേള്‍ഡ് വീവേഴ്‌സ്’ എന്ന പേരില്‍ ഒരു ടെക്‌സ്‌റ്റൈല്‍ കമ്പനി സ്ഥാപിച്ചിരുന്നു.

Tags