നസ്ലെന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് യുഎഇയിൽ നിന്ന്
naslen

യുവനടന്‍ നസ്ലെന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത് യുഎഇയില്‍ നിന്നാണെന്ന് പോലീസ്. അക്കൗണ്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിന് പോലീസ് കത്തു നല്‍കി.

കഴിഞ്ഞ ദിവസമാണ് നസ്ലെന്‍ വ്യാജ ഐഡിക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്ത് വരികയും ചെയ്തു.

നസ്ലെന്റെ വാക്കുകള്‍

കുറച്ച് സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്‌നത്തേക്കുറിച്ച് താനറിയുന്നതെന്ന് നസ്ലെന്‍ പറഞ്ഞു. ഫെയ്സ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്ലെന്‍ പറയുന്നു.

കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും വീഡിയോക്കൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ നടനാണ് നസ്ലെന്‍. കുരുതി, ഹോം, ജോ ആന്‍ഡ് ജോ, പത്രോസിന്റെ പടപ്പുകള്‍, മകള്‍ തുടങ്ങിയ ചിത്രങ്ങളിലും നസ്ലെന്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തു.

Share this story