ബിഗ് ബോസ് സീസൺ 4; വീക്കിലി ടാസ്‍കില്‍ ചിരിപ്പൂരം തീര്‍ത്ത് മത്സരാര്‍ഥികള്‍
big boss season 4


ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിക്കാന്‍ ഇനി രണ്ടാഴ്ചയില്‍ താഴെ മാത്രം. അവസാന ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള വീക്കിലി ടാസ്ക് ആയി ബിഗ് ബോസ് ഏറെ കൌതുകകരവും ഇതുവരെ കാണാത്ത മട്ടിലുമുള്ള ഒരു വീക്കിലി ടാസ്ക് ആണ് അവതരിപ്പിച്ചത്. ആള്‍മാറാട്ടം എന്നു പേരിട്ടിരിക്കുന്ന ടാസ്കില്‍ ഒരു മത്സരാര്‍ഥി ഹൌസില്‍ നിലവിലുള്ള മറ്റൊരു മത്സരാര്‍ഥിയായി മാറുകയാണ് വേണ്ടത്. ലക്ഷ്മിപ്രിയ, ബ്ലെസ്‍ലി, ദില്‍ഷ തുടങ്ങി പലരും ഈ ടാസ്കില്‍ ശ്രദ്ധ നേടിയെങ്കിലും പ്രേക്ഷകരെ ഒന്നടങ്കം രസിപ്പിച്ച പ്രകടനവുമായി കൈയടി നേടിയത് റിയാസ് ആണ്. 

ലക്ഷ്‍മിപ്രിയയെ ആണ് റിയാസിന് അവതരിപ്പിക്കാനായി അവസരം ലഭിച്ചത്. അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് ആഗ്രഹമുള്ള രണ്ട് മത്സരാര്‍ഥികളെ വീതം ഓരോരുത്തരും ബിഗ് ബോസിനോട് പറയണമായിരുന്നു. കണ്‍ഫെഷന്‍ റൂമില്‍ വച്ച് ബിഗ് ബോസ് നടത്തിയ ഓഡിഷനിലൂടെ ആയിരുന്നു ഓരോരുത്തരും അവതരിപ്പിക്കേണ്ട കഥാപാത്രങ്ങളെ അന്തിമമായി തീരുമാനിച്ചത്. പിന്നീട് ഇത് എല്ലാവരോടുമായി പ്രഖ്യാപിക്കുകയായിരുന്നു. ലക്ഷ്‍മിപ്രിയയെ അവതരിപ്പിക്കാനുള്ള അവസരം തനിക്കാണെന്ന അറിയിപ്പ് തന്നെ ഏറെ ആഹ്ലാദത്തോടെയാണ് റിയാസ് സ്വീകരിച്ചത്. ബിഗ് ബോസില്‍ ലക്ഷ്‍മിപ്രിയയുടെ ഏറ്റവും വലിയ വിമര്‍ശകനാണ് റിയാസ്. ആയതിനാല്‍ത്തന്നെ തനിക്ക് ലഭിച്ച അവസരം റിയാസ് നന്നായി ഉപയോഗിച്ചു. ലക്ഷ്മിപ്രിയയെ അവതരിപ്പിക്കാനുള്ള അവസരം തനിക്കാണെന്ന അറിയിപ്പ് തന്നെ, ലക്ഷ്‍മിപ്രിയ സ്റ്റൈലില്‍ താങ്ക്‍യൂ വല്യണ്ണാ എന്ന് പറഞ്ഞുകൊണ്ടാണ് റിയാസ് സ്വീകരിച്ചത്.

പിന്നീടങ്ങോട്ട് ബിഗ് ബോസില്‍ താന്‍ കണ്ട ലക്ഷ്മിപ്രിയയെ കാരിക്കേച്ചര്‍ ചെയ്യുകയായിരുന്നു റിയാസ്. ഗാര്‍ഡന്‍ ഏരിയയില്‍ ലക്ഷ്മിപ്രിയയുടെ കാല്‍ കയറ്റിവച്ചുള്ള നില്‍പ്പും ചില സംഭാഷണ രീതികളുമൊക്കെ അവതരിപ്പിച്ച റിയാസ് അവരെ കനപ്പെട്ട രീതിയില്‍ വിമര്‍ശിക്കുകയും ചെയ്‍തു. ഇന്നലെ ആരംഭിച്ച വീക്കിലി ടാസ്കില്‍ പ്രേക്ഷകരെ ഇതുവരെ ഏറ്റവും രസിപ്പിച്ച മത്സരാര്‍ഥിയും ഒരുപക്ഷേ റിയാസ് ആയിരിക്കും. ഹേറ്റേഴ്സിനെപ്പോലും ഒറ്റ ദിവസം കൊണ്ട് ആരാധകരാക്കി മാറ്റി എന്നും മറ്റുമുള്ള കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ റിയാസിന് ലഭിക്കുന്നത്. അതേസമയം ബ്ലെസ്‍ലിയെയാണ് ലക്ഷ്മിപ്രിയ അവതരിപ്പിച്ചത്. ബ്ലെസ്‍ലിയുടെ കോസ്റ്റ്യൂമില്‍ വേറിട്ട് കാണപ്പെട്ട ലക്ഷ്മിയും ടാസ്കില്‍ രസകരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ടാക്കിയെടുത്തു.

Share this story