ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് മൂന്ന് ദിവസം കൊണ്ട് നേടിയത് 62 കോടി

drishyam 2
50 കോടി ബജറ്റിൽ നിർമിച്ച സിനിമ ഇപ്പോൾ തന്നെ മുതൽമുടക്ക് പിന്നിട്ടു കഴിഞ്ഞു.

ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് മൂന്ന് ദിവസം കൊണ്ട് നേടിയത് 62 കോടിയെന്ന് റിപ്പോർട്ട്. ഇതോടെ ബോളിവുഡ് സൂപ്പർഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ് ദൃശ്യം 2. 15 കോടി കളക്ഷനാണ് ചിത്രത്തിന് ആദ്യദിനം ലഭിച്ചിരുന്നത്. റിലീസ് ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ചതോടെ ശനിയും ഞായറും ചിത്രത്തിനായി പ്രേക്ഷകർ ഇടിച്ചുകയറി. 50 കോടി ബജറ്റിൽ നിർമിച്ച സിനിമ ഇപ്പോൾ തന്നെ മുതൽമുടക്ക് പിന്നിട്ടു കഴിഞ്ഞു. ടി സീരിസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നു നിർമിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസേഴ്സ് ആണ് ആന്റണി പെരുമ്പാവൂരും ആശീർവാദ് സിനിമാസും.

അഭിഷേക് പത്താനാണ് സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിൽ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അജയ് ദേവ്ഗണാണ്. ദൃശ്യം രണ്ടാം ഭാഗത്തിൽ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗൺ–അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം.

ഹിന്ദിയിൽ വിജയ് സൽഗനോകർ എന്നാണ് ജോർജ്കുട്ടിയുടെ പേര്. റാണി, നന്ദിനി ആകും. അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളിൽ മാറ്റമില്ലാതെ തുടരുന്നു. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയിൽ തബു എത്തുന്നു. രജത് കപൂർ ആണ് തബുവിന്റെ ഭർത്താവിന്റെ വേഷത്തില്‍. ബ്രഹ്മാസ്ത്രയ്ക്കും ഭൂൽ ഭുലയ്യ 2വിനും ലഭിച്ച അതേ വരവേല്‍പ് ആണ് ദൃശ്യം 2വിനും ബോളിവുഡിൽ നിന്നും ലഭിക്കുന്നത്. ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

Share this story