പ്രശസ്ത സംവിധായകൻ ജി എസ് പണിക്കർ അന്തരിച്ചു
j s panikkar

ചെന്നൈ: സംവിധായകന്റെ കയ്യൊപ്പുപതിഞ്ഞ ഒരുപിടി മലയാളചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു. അർബുദ ബാധിതിനായി ചികിത്സയിൽക്കഴിയവേയായിരുന്നു അന്ത്യം.

ഏഴു സിനിമകളാണ് അദ്ദേഹം സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്തത്. രവിമേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളായ 'ഏകാകിനി'(1976) ആയിരുന്നു ആദ്യ ചിത്രം. എം.ടി. വാസുദേവൻ നായരുടെ കറുത്ത ചന്ദ്രൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച ചിത്രമാണിത്. മലയാളത്തിലെ ആദ്യ റോഡ് മൂവി എന്ന് വിശേഷണമുള്ള ചിത്രമാണ് ഏകാകിനി.

സേതുവിന്റെ പ്രശസ്ത നോവലായ പാണ്ഡവപുരം സിനിമയാക്കിയത് പണിക്കരായിരുന്നു. വൈലോപ്പിളളി ശ്രീധരമേനോന്റെ സഹ്യന്റെ മകൻ എന്ന കവിതയെ അവലംബിച്ച് ബാലചിത്രവുമൊരുക്കിയിട്ടുണ്ട് അദ്ദേഹം. ഡോക്യുഫിക്ഷൻ ചിത്രമായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മനോഹരി എന്നിവയാണ് മറ്റുചിത്രങ്ങൾ.

ഏറെക്കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2018-ൽ 'മിഡ് സമ്മർ ഡ്രീംസ്' എന്ന പേരിൽ ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു.

Share this story