മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ദീക്ഷിത് ഷെട്ടി; തുടക്കം ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം

deekshith shetty

കന്നഡ - തെലുങ്ക് ചിത്രങ്ങളിലെ നടനായ ദീക്ഷിത് ഷെട്ടി മലയാളത്തിലേക്കെത്തുന്നു. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവര്‍ത്തിച്ചു പോരുന്ന സോജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഒപ്പീസിലൂടെയാണ് താരം മലയാളത്തിലേക്ക് അരങ്ങേറുന്നത്. ദീക്ഷിത് ഷെട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ദര്‍ശന നായരാണ് ചിത്രത്തിലെ നായിക. ഇഷാ തല്‍വാര്‍ കുറച്ചുനാളത്തെ ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഒപ്പീസ്. പ്രണയത്തിന് വ്യത്യസ്തമായ തലവും ഭാഷ്യവും നല്‍കുന്ന ഒരു ചിത്രമായിരിക്കുമിതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ്. എം. ജയചന്ദ്രന്റേതാണ് സംഗീതം.

കോപ്പയിലെ കൊടുങ്കാറ്റ്, അലര്‍ട്ട് 24/7എന്നീ ചിത്രങ്ങളും സോജന്‍ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത ഫാഷന്‍ ഇവന്റ് ദുബായ് ഫാഷന്‍ ലീഗിന്റെ സി.ഇ.ഒയും ഫൗണ്ടറുമാണ് സോജന്‍. ആകര്‍ഷന്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പ്രദ്യുമന കൊളേഗല്‍ (ഹൈദ്രാബാദ്) ആണ് പുതിയ സിനിമയായ ഒപ്പീസ് നിര്‍മിക്കുന്നത്.


റഫീഖ് അഹമ്മദ്, ബി.കെ ഹരി നാരായണന്‍, മനോജ് യാദവ് എന്നിവരുടേതാണ് വരികള്‍. മലയാളിയും ബോളിവുഡ്ഡിലെ മികച്ച ഛായാഗ്രാഹകനുമായ സന്തോഷ് തുണ്ടിയിലാമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും മികച്ച കോറിയോഗ്രാഫറായ വിഷ്ണു ദേവയാണ് ചിത്രത്തിന്റെ കോറിയോഗ്രാഫി. റിയല്‍ സതീഷാണ് ആക്ഷന്‍ ത്രില്‍സ് കൈകാര്യം ചെയ്യുന്നത് . കോസ്റ്റും ഡിസൈന്‍ - കമാര്‍ എടപ്പാള്‍, മേക്കപ്പ് - മനുമോഹന്‍, എഡിറ്റിംഗ് - ശ്യാം ശശിധരന്‍, കലാസംവിധാനം - അരുണ്‍ ജോസ്.

ജോയ് മാത്യു, പ്രമോദ് വെളിയനാട്, ഇന്ദ്രന്‍സ്, ജോ ജോണ്‍ ചാക്കോ, ബൈജു എഴുപുന്ന, അനുപ് ചന്ദ്രന്‍, കോബ്രാ രാജേഷ്, ജൂബി.പി.ദേവ്, രാജേഷ് കേശവ്, അന്‍വര്‍, ശ്രയാരമേഷ്, വിജയന്‍ നായര്‍ രമേഷ്, പ്രകാശ് നാരായണന്‍, സജിതാ മഠത്തില്‍, നിതേഷ്, ജീമോന്‍, ജീജാ സുരേന്ദ്രന്‍, ആന്റണി ചമ്പക്കുളം. എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ബാലചന്ദ്രമേനോന്‍ വ്യത്യസ്ഥമായ മറ്റൊരു കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. എല്‍ദോ സെല്‍വ രാജാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.