കൃഷ്ണകുമാറിന്‍റെ പരാമര്‍ശം; ന്യായീകരണവുമായി മകൾ ദിയ കൃഷ്ണകുമാർ

diya
കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ അച്ഛന്റെ സുഹൃത്തിന്റെ മകളുടെ വിവാഹച്ചടങ്ങിന് പോയപ്പോഴാണ്

തിരുവനന്തപുരം: വീട്ടിലെത്തുന്ന ജോലിക്കാർക്ക് കുഴിയിൽ ഇലവെച്ച് പഴങ്കഞ്ഞി നൽകിയെന്ന കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തലിൽ ന്യായീകരണവുമാി മകൾ ദിയ കൃഷ്ണകുമാർ.

സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ദിയ ബിജെപി നേതാവും നടനുമായ അച്ഛന് നേരെയുള്ള വിമർശനങ്ങളെ പ്രതിരോധിച്ച് രം​ഗത്തെത്തിയത്.  കുഴിയിൽ കഞ്ഞി കൊടുക്കുന്നത് അന്നത്തെ രീതിയാണെന്നും അത് കണ്ടപ്പോൾ കൊച്ചു കുട്ടിയായ അച്ഛന് തോന്നിയ കൊതിയാണ് വീഡിയോയിൽ പറഞ്ഞതെന്നും ദിയ കൃഷ്ണകുമാർ പറഞ്ഞു.

കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ അച്ഛന്റെ സുഹൃത്തിന്റെ മകളുടെ വിവാഹച്ചടങ്ങിന് പോയപ്പോഴാണ് ബ്രേക്ക്ഫാസ്റ്റിനൊപ്പം പഴഞ്ചോറ് കണ്ടത്.  ആദ്യമായാണ് ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ പഴഞ്ചോറ് കാണുന്നത്. വീട്ടില്‍ എല്ലാവര്‍ക്കും പഴഞ്ചോറ് ഇഷ്ടമാണ്. അച്ഛനും എനിക്കുമാണ് കൂടുതൽ  ഇഷ്ടം. സാധാരണ ഫൈവ് സ്റ്റാർ ഹോട്ടലിൽ പഴങ്കഞ്ഞിയോ പഴഞ്ചോറോ കാണാറില്ല.

ഹോട്ടലിൽ പഴഞ്ചോറ് കണ്ടപ്പോള്‍ തന്നെ അച്ഛന് പഴയ കാലം ഓര്‍മ വന്നുവെന്നും ഏഴോ എട്ടോ വയസ്സുള്ളപ്പോഴുള്ള കാര്യമാണ് അച്ഛൻ പറഞ്ഞതെന്നും ഇരുപതോ മുപ്പതോ വയസ്സുള്ളപ്പോഴത്തെ കാര്യമല്ല. ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലിയിലാണ് അച്ഛന്‍ ജനിച്ചത്. വലിയ വീട്ടിലല്ലെന്നും ദിയ വ്യക്തമാക്കി.

അച്ഛന്‍റെ വീട്ടില്‍ പണിക്കു വന്നവര്‍ക്ക് കുഴികുത്തി കഞ്ഞി നല്‍കിയെന്നല്ല പറഞ്ഞത്. അന്ന് അവര്‍ക്ക് അതിനൊന്നുമുള്ള സാമ്പത്തിക സ്ഥിതിയില്ല. ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലിയായതിനാല്‍ വീട്ടില്‍ ഒരുപാട് പാത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മണ്ണില്‍ കുഴി കുത്തി ഇല വെച്ച് നല്‍കുന്നത്. എന്‍റെ അപ്പൂപ്പനും അങ്ങനെ ഭക്ഷണം കഴിച്ചിട്ടുണ്ട്. അത് അന്നത്തെ കാലത്തെ നാട്ടിന്‍പുറത്തെ രീതിയാണ്. താഴ്ന്ന ജാതിക്കാരന് കുഴികുത്തി കഞ്ഞി നല്‍കി എന്നല്ല അച്ഛന്‍ പറയുന്നത്. ഇതിനെയാണ് ചിലര്‍ ഒരുഭാഗം അടര്‍ത്തിയെടുത്ത് ട്വിസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും തന്‍റെ അച്ഛന്‍ തമ്പുരാനല്ലെന്നും അവര്‍ പറഞ്ഞു.

 കൃഷ്ണകുമാറിന്റെ വീഡിയോക്ക് കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. വീട്ടിലെത്തിയ ജോലിക്കാർക്ക് കുഴി കുത്തി കഞ്ഞി ഒഴിച്ചു കൊടുത്ത സമ്പ്രദായത്തെ നൊസ്റ്റാൾജിയയോടെ ഓർക്കുകയായിരുന്നുവെന്ന വിമർശനമാണ് ഉയർന്നത്.