സമയംകിട്ടുമെങ്കിൽ ജി​ഗർതണ്ട ഒന്നുകാണണമെന്ന് ആരാധകൻ; കാണുമെന്ന് മറുപടി നൽകി ഈസ്റ്റ് വുഡ്

google news
clint

അടുത്തിടെ ഇറങ്ങിയതിൽ ഏറെ പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ് കാർത്തിക് സുബ്ബരാജിന്റെ ജി​ഗർതണ്ട-ഡബിൾ എക്സ്.  ചിത്രത്തിൻറെ വിജയത്തിന് പിന്നാലെ ചിത്രം കാണാൻ ക്ലിന്റ് ഈസ്റ്റ് വുഡിനോട് ആഭ്യർത്ഥിച്ചിരിക്കുകയാണ് ഒരു ആരാധകൻ. ചിത്രം കാണണമെന്ന് എക്സ് പേജിൽ പോസ്റ്റിട്ട ആരാധകന് മറുപടിയുമായി ഹോളിവുഡ് സൂപ്പർസ്റ്റാർ ക്ലിന്റ് ഈസ്റ്റ് വുഡ് തന്നെ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ.  

രാഘവാ ലോറൻസും എസ്.ജെ. സൂര്യയുമാണ് ജി​ഗർതണ്ട-ഡബിൾ എക്സിൽ മുഖ്യവേഷങ്ങളിലെത്തിയത്. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ആരാധകനായ അലിയസ് സീസർ എന്ന കഥാപാത്രമായാണ് ലോറൻസ് എത്തിയത്. ഈസ്റ്റ് വുഡിന്റെ പ്രശസ്തമായ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വേഷവിധാനങ്ങളായിരുന്നു ഈ കഥാപാത്രത്തിന്. ക്ലിന്റ് ഈസ്റ്റ്‌വുഡിനും സത്യജിത് റായിക്കുമുള്ള സമർപ്പണമാണ് തന്റെ ചിത്രമെന്ന് കാർത്തിക് മുൻപ് പറയുകയും ചെയ്തിരുന്നു. 

ജി​ഗർതണ്ടയേക്കുറിച്ചും അതിലെ ഈസ്റ്റ് വുഡിന്റെ സാന്നിധ്യത്തേക്കുറിച്ചും വിജയ് എന്ന ആരാധകനാണ് ഹോളിവുഡ് സൂപ്പർതാരത്തിന്റെ എക്സ് പേജിൽ സൂചിപ്പിച്ചത്.

'പ്രിയപ്പെട്ട ക്ലിന്റ്, ഇന്ത്യക്കാരായ ‍ഞങ്ങൾ ജി​ഗർതണ്ട-ഡബിൾ എക്സ് എന്ന ഒരു തമിഴ്ചിത്രം നിർമിച്ചിട്ടുണ്ട്. അത് ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്. ചിത്രത്തിലുടനീളം ഞങ്ങൾ നിങ്ങൾക്കുള്ള ആദരമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ചെറുപ്പകാലം അനുസ്മരിപ്പിക്കുന്ന ചില അനിമേഷൻ രം​ഗങ്ങളും ചിത്രത്തിലുൾപ്പെടുത്തിയിട്ടുണ്ട്. സമയംകിട്ടുമെങ്കിൽ ഈ സിനിമ നിങ്ങളൊന്ന് കാണണം. 'എന്നായിരുന്നു ആരാധകന്റെ വാക്കുകൾ. 

ഇദ്ദേഹത്തേപ്പോലും ഞെട്ടിച്ചുകൊണ്ടാണ് മറുപടി എത്തിയത്. ക്ലിന്റിന് ഈ ചിത്രത്തേക്കുറിച്ച് അറിയാമെന്നും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജ്യൂറർ 2 എന്ന ചിത്രം പൂർത്തിയാക്കിയശേഷം അദ്ദേഹം ഡബിൾ എക്സ് കാണുമെന്നുമാണ് വിജയ്ക്ക് ലഭിച്ച മറുപടി. ക്ലിന്റിനുവേണ്ടി അദ്ദേഹത്തിന്റെ പേജ് കൈകാര്യം ചെയ്യുന്നവരാണ് ആരാധകന് മറുപടി നൽകിയത്. 

ക്ലിന്റിന്റെ മറുപടി വന്നതോടെ തികഞ്ഞ ആവേശത്തിലായി ആരാധകർ. ഇത് കാർത്തിക് സുബ്ബരാജിന്റെ വിജയമാണെന്നാണ് ഏവരും ഒരേസ്വരത്തിൽ പറയുന്നത്.