'ചിയാൻ 62': വിക്രമിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 17 ന് ചിത്രീകരണം ആരംഭിക്കും

chiyan 62

ചിയാൻ വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചിയാൻ 62'. വിക്രമിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 17 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതേദിവസം പുറത്തുവിടുമെന്ന് സൂചനകളുണ്ട്.

ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്. സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ചിയാൻ 62.

ഒരു നാടൻ ആക്ഷൻ ത്രില്ലറാകും ചിയാൻ 62 എന്ന സൂചനകളുണ്ട്.  തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്‌ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു.

ദുഷാര വിജയന്‍ സിനിമയിൽ നിര്‍ണായക കഥാപാത്രമായാണ് എത്തുന്നത്. ജിവി പ്രകാശ് കുമാർ ആണ് ചിയാൻ 62ന് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.