'ഭ്രമയുഗം' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

bramayugam

ഏറെ നിരൂപകപ്രശംസ നേടിയ മമ്മൂട്ടി ചിത്രം 'ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. സോണി ലിവിലൂടെ മാർച്ച് 15 മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. സോണി ലിവ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഫെബ്രുവരി 15 ന് തിയേറ്ററുകളിലെത്തിയ ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ പരീക്ഷണ ചിത്രം ആഗോളതലത്തിൽ 60 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തിരിക്കുന്നത്. 

'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്.