'ബോഗയ്‌ന്‍വില്ല' പ്രൊമോ ഗാനം പുറത്ത്

bogan villai
bogan villai

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബോഗയ്‌ന്‍വില്ല'യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. 'സ്തുതി' എന്ന പേരിൽ എത്തിയിരിക്കുന്ന ഗാന രംഗത്തിൽ സുഷിൻ ശ്യാമും കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണുള്ളത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. കുഞ്ചാക്കോ ബോബന്‍റെ ചടുലമായ ചുവടുകളും 'സ്തുതി'യുടെ ഹൈലൈറ്റാണ്.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫീഷ്യൽ പോസ്‌റ്ററിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടർ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളിൽ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ.

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. 

Tags