‘ബോഗയ്‌ൻവില്ല’ ഒക്ടോബർ 17ന് തിയറ്ററുകളിലെത്തും

bougainvillea
bougainvillea

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്ൻവില്ല’യുടെ റിലീസ് തീയതി പുറത്ത്. ഒക്ടോബർ 17ന് ചിത്രം തിയറ്ററുകളിലെത്തും. സൂപ്പർ ഹിറ്റായി മാറിയ ‘ഭീഷ്മപർവ്വ’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബോഗയ്ൻവില്ല’.

ചിത്രത്തിലെ സ്തുതി എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഗീത സംവിധായകൻ സുഷിൻ ശ്യാമും കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണ് ഗാനരംഗത്തെത്തിയത്. യൂ ട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഗാനം ഇതിനകം ഇടം നേടി കഴിഞ്ഞു.

വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന സ്തുതി എന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്‌സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. സുഷിന്റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനമാണ് ‘സ്തുതി’. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ജ്യോതിർമയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫീഷ്യൽ പോസ്റ്ററിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടർ പോസ്റ്ററുകളും വൈറലായിരുന്നു.സോണി മ്യൂസിക്കാണ് സിനിമയുടെ മ്യൂസിക് പാർട്‌നർ.

Tags