ഭ്രമയുഗം അത്രയും പ്രതീക്ഷിച്ച് ചെയ്യണം എന്ന് ആഗ്രഹിച്ച സിനിമ; അർജുൻ അത് നന്നായി ചെയ്തു: ആസിഫ് അലി

asif and arjun

തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം. മമ്മൂട്ടിക്കൊപ്പം തന്നെ മറ്റ് കഥാപാത്രങ്ങളുടെയും പ്രകടനം മികച്ചതാണെന്ന് പ്രേക്ഷകരും സമ്മതിക്കുന്നു . ചിത്രത്തിലെ അർജുൻ അശോകന്റെ കഥാപാത്രത്തെ കുറിച്ച് നടൻ ആസിഫ് അലി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽമീഡിയയയിൽ ശ്രദ്ധനേടുന്നത്. ‘ഭ്രമയുഗം’ ആസിഫ് അലി നിരസിച്ച സിനിമയാണെന്നും കഥാപാത്രം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പിന്മാറിയതെന്നും സമൂഹ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു


‘ഭ്രമയുഗം’ എന്ന സിനിമ താൻ നിരസിച്ചതല്ലെന്നും ചിത്രത്തിന്റെ തിരക്കഥ വായിച്ച ശേഷം ചെയ്യാൻ വല്ലാതെ ആഗ്രഹിച്ചിരുന്ന സിനിമയായിരുന്നുവെന്നും നടൻ ആസിഫ് അലി. ഒരു അഭിമുഖത്തിൽ ഈ സിനിമയിൽ നിന്നും പിന്മാറിയ സാഹചര്യത്തെക്കുറിച്ച് ആസിഫ് പറഞ്ഞിരുന്നു. ‘ഭ്രമയുഗം ഞാൻ റിജെക്‌ട് ചെയ്‌തത് അല്ല. ആ സിനിമ നമ്മൾ പ്ലാൻ ചെയ്‌തതിനേക്കാൾ പെട്ടെന്ന് ഉണ്ടായതാണ്. കാരണം മമ്മൂക്ക ഒരു സിനിമയ്ക്കു വേണ്ടി താടി വളർത്തുന്നുണ്ട്. അതിന്റെ തുടർച്ചയായിട്ട് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ എനിക്ക് ആ സമയത്ത് വേറെ കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് സിനിമ ചെയ്യാൻ പറ്റിയില്ല. അതിൽ ഒരുപാട് വിഷമമുണ്ട് എന്നാണ് ആസിഫ് പറഞ്ഞത്.


കൂടാതെ അർജുൻ അശോകൻ ആ കഥാപാത്രം വളരെ നന്നായി ചെയ്തതിൽ സന്തോഷമേയുള്ളൂ എന്നും ആസിഫ് അലി വ്യക്തമാക്കി.ഞാൻ അത്രയും പ്രതീക്ഷിച്ച് ചെയ്യണം എന്ന് ആഗ്രഹിച്ച സിനിമ കൂടിയാണത്. അത് അർജുന്റെ അടുത്തേക്ക് പോയതിൽ സന്തോഷമേയുള്ളൂ. അർജുന്റെ നെക്സ്റ്റ് ലെവലാണ് ഈ സിനിമയോടു കൂടി കാണാൻ പോകുന്നത് എന്നും ആസിഫ് പറഞ്ഞിരുന്നു .

Tags