'ഭ്രമയുഗ'ത്തിനെതിരെ കുഞ്ചമൺ ഇല്ലം ഹൈകോടതിയില്‍

google news
bramayugam trailer

കൊച്ചി:  മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിനെതിരെ കോട്ടയത്തെ കുഞ്ചമൺ ഇല്ലം ഹൈകോടതിയിൽ. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് തങ്ങളുടെ കുടുംബപ്പേരാണെന്നും ചിത്രത്തില്‍ ദുര്‍മന്ത്രവാദവും മറ്റും കാണിക്കുന്നത് കുടുംബത്തിനെ അധിക്ഷേപിക്കുന്നതാണെന്നുമാണ് കുഞ്ചമൺ ഇല്ലം ഹരജിയില്‍ ആരോപിക്കുന്നത്. ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. കുഞ്ചമൺ കുടുംബാം​ഗമാണ് ഹൈകോടതിയെ സമീപിച്ചത്.

തങ്ങളുടെ കുടുംബപ്പേര് ചിത്രത്തില്‍ ഉപയോഗിക്കുന്നത് കുടുംബത്തെ മന:പൂര്‍വ്വം കരിവാരിതേക്കാനും സമൂഹത്തിൽ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നതായി ഹരജിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ തയ്യാറായില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.

സിനിമ നിയമക്കരുക്കില്‍ പെട്ടതോടെ കുഞ്ചമന്‍ പോറ്റി തീം എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ മാറ്റിയിരിക്കുകയാണ്. ‘കുഞ്ചമന്‍ പോറ്റി തീം’ എന്ന ഗാനത്തിന് ‘കൊടുമണ്‍ പോറ്റി തീം’ എന്ന പേരാണ് യൂട്യൂബില്‍ എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്. ഗാനത്തിന്‍റെ പോസ്റ്ററിലെ കുഞ്ചമന്‍ പോറ്റി തീം എന്ന വരികളിലെ കുഞ്ചമന്‍ മായ്ച്ച് കളഞ്ഞതായും കാണാം. ഇപ്പോള്‍ പോറ്റി തീം എന്ന് മാത്രമാണ് പോസ്റ്ററിലുള്ളത്.

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമായ ഭ്രമയുഗം സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ സദാശിവനാണ്. പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ഭ്രമയുഗത്തിൽ ഏറെ പേടിപ്പെടുത്തുന്ന രൂപത്തിലും ഭാവത്തിലുമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

Tags