സൈജു കുറുപ്പിന്‍റെ 'ഭരതനാട്യം' ഒടിടിയില്‍
കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഭരതനാട്യം എന്ന ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സൈജു കുറുപ്പിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ഓഗസ്റ്റ് 30 ന് ആയിരുന്നു. ഒരു മാസത്തിനിപ്പുറമാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. ഒന്നല്ല, മറിച്ച് രണ്ട് പ്ലാറ്റ്ഫോമുകളില്‍ ചിത്രം കാണാനാവും. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.
ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നര്‍ എന്ന അഭിപ്രായം നേടിയ ചിത്രമാണ് ഭരതനാട്യം. രസകരമായ ഒരു പ്ലോട്ടിനെ അധികം ഏച്ചുകെട്ടലുകളില്ലാതെ ലളിതവും രസകരമായും അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിലൂടെ സംവിധായകന്‍. സൈജു കുറുപ്പ് ആണ് നായകനെങ്കിലും സായ് കുമാര്‍ ആണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം. ഭരതന്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. ഒരു കൂട്ടുകുടുംബത്തില്‍ സാധാരണമായ തട്ടലും മുട്ടലുമൊക്കെയുണ്ടെങ്കിലും അല്ലലില്ലാതെ കഴിയുന്ന ഭരതന്‍ ഒരിക്കല്‍ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്. അത് മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒരു തീരാ തലവേദനയായി മാറുന്നു. ഈ സാഹചര്യത്തെ അവര്‍ എങ്ങനെ നേരിടുന്നു എന്നാണ് ചിത്രം പറയുന്നത്.
കോമഡി എന്‍റര്‍ടെയ്നര്‍ ആണെങ്കിലും സീനുകളിലെ സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ടാണ് കൃഷ്ണദാസ് മുരളിയുടെ സംവിധാനം. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, ശ്രീജ രവി, ദിവ്യാ എം നായർ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം ബബിലു അജു, എഡിറ്റിംഗ് ഷഫീഖ് വി ബി, ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. സാധാരണക്കാരായ കഥാപാത്രങ്ങളായി എപ്പോഴും തിളങ്ങാറുള്ള സൈജു കുറുപ്പ് ശശി എന്ന കഥാപാത്രമായി ഭരതനാട്യത്തിലും കൈയടി വാങ്ങിയിരുന്നു.