'അത് തമിഴൻ്റെ സംസ്കാരമല്ല, പ്രതികരിക്കാൻ തമിഴ്നാട്ടിൽ ആളില്ലെന്ന് കരുതരുത്'; ജയമോഹനെതിരെ ഭാഗ്യരാജ്

bhagyaraj

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ വിമർശിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹനെതിരെ തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് രംഗത്ത്. ഒരു ചിത്രത്തെ വിമർശിക്കുമ്പൊൾ അത്തരം വാക്കുകൾ ജയമോഹൻ ഉപയോഗിക്കാൻ പാടില്ലായിരുന്നെന്ന് ഭാഗ്യരാജ് പറഞ്ഞു. ആൻഡ്രിയ ജെറമിയ നായികയാകുന്ന 'കാ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം.

 "ഇത് വിവാദം സൃഷ്ടിക്കുമെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് അഭിപ്രായം പറയണം. മഞ്ഞുമ്മേൽ ബോയ്സ് കേരളത്തേക്കാൾ തമിഴിൽ വൻ വിജയമായി. എന്നിട്ടും, ഒരു തമിഴ് എഴുത്തുകാരൻ ചിത്രത്തെ വിമർശിക്കാൻ വളരെ താഴ്ന്ന നിലയിലേക്ക് പോയി, അത് സങ്കടകരമാണ്. അദ്ദേഹം പ്രശസ്തനായ ഒരു എഴുത്തുകാരനാണ്. സിനിമയെ മാത്രം വിമർശിച്ചിരുന്നെങ്കിൽ കുഴപ്പമില്ല. അദ്ദേഹം ചില വ്യക്തിപരമായ പ്രസ്താവനകൾ നടത്തി. അങ്ങനെ പറയുന്നത് തമിഴൻ്റെ സംസ്കാരമല്ല. നമ്മൾ എല്ലാവരെയും വാഴ്ത്താറുണ്ട്, എന്നാൽ ആരെയും ഇത്ര താഴ്ന നിലയിൽ വിമർശിക്കാറില്ല. അത് നമ്മുടെ പാരമ്പര്യമല്ല. 

സിനിമയിൽ തമിഴരെ ചിത്രീകരിക്കുന്ന രീതിയോ അത്തരത്തിലുള്ള കാര്യങ്ങളോ തനിക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ അത് വിമർശനമായി കണക്കാക്കാം. എന്നാൽ നിങ്ങൾ കേരളിയരെ വ്യക്തിപരമായി ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇത്തരം ഒരു കാര്യം സംഭവിച്ചിട്ട് അതിൽ പ്രതികരിക്കാൻ തമിഴ് നാട്ടിൽ ആളില്ലെന്ന് മലയാളികൾ കരുതരുത്, അതാണ് ഞാൻ ഇപ്പോൾ ഇങ്ങനൊരു പ്രസ്ഥാവന നടത്തുന്നത്, എന്നും ഭാഗ്യരാജ് പറഞ്ഞു.

'സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തില്‍ 'പെറുക്കികളെ' സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്' എന്നാണ് ജയമോഹൻ്റെ വിവാദ പരാമർശം. "മഞ്ഞുമ്മൽ ബോയ്സ്, കുടികാര പൊറുക്കികളിൻ കൂത്താട്ടം", "മയക്കുമരുന്നിന് അടിമകളായ കൊച്ചിയിലെ ഒരു ചെറുസംഘമാണ് മലയാള സിനിമയെ നയിക്കുന്നത്" എന്നിങ്ങനെ പോവുന്നു ജയമോഹന്റെ തമിഴിൽ എഴുതിയ ബ്ലോഗിലെ പരാമർശങ്ങൾ. ഇതിനെതിരെ രൂഷമായ എതിർപ്പാണ് തമിഴ്, മലയാളം ചലച്ചിത്ര പ്രവർത്തകർക്ക് ഇടയിൽ നിന്ന് ഉണ്ടായത്.