‘ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ്’; തിയറ്റര്‍ ബിസിനസിലേക്ക് തിരിഞ്ഞ് താരം
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ യുവതാരമാണ് വിജയ് ദേവരകൊണ്ട. റൗഡി വെയര്‍ എന്ന ബ്രാന്‍ഡില്‍ വസ്ത്രവ്യാപാര രംഗത്ത് ശ്രദ്ധനേടിയ താരമിപ്പോള്‍ പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തെലങ്കാനയിലെ മഹ്ബൂബ്നഗറില്‍ മള്‍ട്ടിപ്ലക്സ് തിയറ്റര്‍ കോംപ്ലക്സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ് (എവിഡി) എന്നാണ് തിയറ്ററിന് പേര് നല്‍കിയിരിക്കുന്നത്.
ഇന്നാണ് എവിഡിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്ന ലവ് സ്റ്റോറിയാണ് ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം. തന്റെ അമ്മയ്ക്ക് ജന്മദിന സമ്മാനമായി തിയറ്റര്‍ സമര്‍പ്പിക്കുകയാണെന്നും വിജയ് പറയുന്നു. ഏഷ്യന്‍ സിനിമാസിന്റെ പങ്കാളിത്തത്തോടെയാണ് വിജയ് ഈ തിയറ്റര്‍ നിര്‍മിച്ചത്.
അര്ജുന് റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയാകെ ജനപ്രീതിയാര്‍ജിച്ച നടനാണ് വിജയ് ദേവരകൊണ്ട. വേള്‍ഡ് ഫെയ്മസ് ലവ്വറാണ് വിജയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ലിഗറിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് നിര്‍മ്മാണം.