'തൊഴിലാളി സംഘടനയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടിയിരിക്കുകയാണ് ബി.ഉണ്ണികൃഷ്ണൻ, ഇദ്ദേഹത്തെ പുറത്താക്കണം' : ആഷിഖ് അബു
കൊച്ചി : ഫെഫ്ക നേതൃത്വത്തിനെതിരെ സംവിധായകൻ ആഷിഖ് അബു. ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്ന് ആഷിഖ് അബു ആവശ്യപ്പെട്ടു.
ഫെഫ്ക എന്നാൽ ബി. ഉണ്ണികൃഷ്ണൻ എന്നാണ് നടപ്പു രീതി. അത് മാറണം. തൊഴിലാളി സംഘടനയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടിയിരിക്കുകയാണ് ഉണ്ണികൃഷ്ണൻ. തൊഴിൽ നിഷേധിക്കുന്നയാളാണ്. ഒളിച്ചിരുന്ന് പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഇടതുപക്ഷക്കാരനാണെന്ന വ്യാജ പരിവേഷം അണിയുകയാണ് അദ്ദേഹം. സർക്കാറിനെ തെറ്റിദ്ധരിപ്പിക്കാനും സാധിച്ചു.
ഫെഫ്കയുടെ മൗനം ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. ചെറിയ കാര്യങ്ങളിൽപോലും പരസ്യപ്രതികരണത്തിനെത്തുകയും മാധ്യമങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന അദ്ദേഹം ഈ വിഷയത്തിൽ നിശബ്ദനാണ്.
ഈ രൂപത്തിലുള്ള അരാഷ്ട്രീയ നിലപാടുകൾ എടുക്കുകയും പ്രബല ശക്തികൾക്കൊപ്പം നിൽക്കുകയും ചെയ്തിട്ടുള്ള ഉണ്ണികൃഷ്ണന്റെ നിശബ്ദത 21 സംഘടനകളുള്ള വലിയൊരു സമൂഹത്തെ ഉൾക്കൊള്ളുന്ന ഫെഫ്കയുടെ നിശബ്ദതയായി കാണരുത്.സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ അദ്ദേഹം പൊതുമധ്യത്തില്‍ പ്രതികരിക്കട്ടെയെന്നും ആഷിഖ് അബു പറഞ്ഞു.