നൂറുകോടി ക്ലബിൽ എ.ആർ.എം; പുതുചരിത്രമെഴുതി ടൊവിനോയും കൂട്ടരും

ARM
ARM

ബോക്സോഫീസിൽ പുതുചരിത്രമെഴുതി  ജിതിൻ ലാൽ സംവിധാനം ചെയ്ത എ.ആർ.എം. ടൊവിനോ തോമസ്  നായകനായ ചിത്രം ആ​ഗോള തലത്തിൽ ചിത്രം 100 കോടി കളക്ഷൻ സ്വന്തമാക്കി. സോഷ്യൽ മീഡിയയിലൂടെ ടൊവിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടൊവിനോയുടെ ആദ്യ സോളോ 100 കോടി കളക്ഷൻ ചിത്രമാണ് എ.ആർ.എം. നവാ​ഗതനായ സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

2024-ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ അഞ്ചാമത്തെ 100 കോടി കളക്ഷൻ ചിത്രമായും എ.ആർ.എം മാറി. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം എന്നിവയാണ് ഈ വർഷം 100 കോടി ക്ലബിലെത്തിയ മലയാള ചിത്രങ്ങൾ. കഴിഞ്ഞവർഷം ടൊവിനോ മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തിയ 2018 എന്ന ചിത്രം നൂറുകോടിയിലേറെ കളക്ഷൻ നേടിയിരുന്നു. 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. റിലീസ് ചെയ്തതിനിപ്പുറവും ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിലാണ്.

"ഒന്നര വർഷത്തോളം നീണ്ടുനിന്ന പോസ്റ്റ് പ്രൊഡക്ഷനായിരുന്നു A.R.M ന്റേത്. മാജിക് ഫ്രെയിംസ് നിർമ്മിച്ച ഏറ്റവും മുതൽമുടക്കുള്ള ചിത്രത്തിനെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാക്കി പ്രേക്ഷകർ തിരിച്ചു നൽകി. ചിത്രം ഇറങ്ങിയതിന് ശേഷം നേരിട്ട പൈറസി വിവാദങ്ങൾക്കിപ്പുറവും അകമഴിഞ്ഞ പിന്തുണയാണ് ലോകമെമ്പാടുമുള്ള സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ നൽകിയത്. ഇത്തരം വലിയ വിജയങ്ങൾ ഇനിയും മികച്ച ചിത്രങ്ങളുമായി ജനങ്ങൾക്ക് മുമ്പിലെത്താൻ ഞങ്ങൾക്ക് പ്രചോദനമാവും." ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Tags