കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾ ഒരുക്കിയത് അപര്‍ണ ബാലമുരളി; സന്തോഷം പങ്കുവച്ച് താരം

google news
aparna

നടന്‍ ജയറാമിന്റേയും നടി പാര്‍വതിയുടേയും മക്കളായ കാളിദാസിന്റേയും മാളവികയുടേയും വിവാഹനിശ്ചയ ചടങ്ങുകള്‍ അടുത്തിടെ ആയിരുന്നു കഴിഞ്ഞത്. ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങൊരുക്കിയത് ദേശീയ പുരസ്‌കാര ജേതാവും മലയാളികളുടെ പ്രിയ നടിയുമായ അപർണ ബാലമുരളിയാണ്.

അപര്‍ണ സഹസ്ഥാപകയായിട്ടുള്ള 'എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ്' എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റേയും മാളവികയുടേയും വിവാഹ നിശ്ചയ ചടങ്ങുകൾ മനോഹരമാക്കി തീർത്തത്. അപർണയും സുഹൃത്ത് മഹേഷ് രാജനും നേതൃത്വം നൽകുന്ന കമ്പനിയാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ്. വിവാഹനിശ്ചയത്തിന് ശേഷമുള്ള പാര്‍ട്ടിയും ഒരുക്കിയത് ഇതേ ഇവന്റ് പ്ലാനിങ് കമ്പനിയാണ്. 

ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് അപര്‍ണ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. 'ഈ യാത്രയില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ത്തതില്‍ നന്ദിയും സന്തോഷവുമുണ്ട്. വെറുതേ ഒരു പരിപാടി നടത്തുക എന്നതിലുപരി ഞങ്ങളെ തേടിയെത്തുന്ന ഓരോ അവസരത്തിലും വികാരങ്ങളും സ്‌നേഹവും നെയ്‌തെടുക്കാനാണ് എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് ശ്രമിക്കുന്നത്.'-അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നീലഗിരി സ്വദേശിയായ മോഡല്‍ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. പാലക്കാട് സ്വദേശിയും യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. കാളിദാസിന്റെ നിശ്ചയത്തിന്റെ പാര്‍ട്ടിയില്‍ നിറസാന്നിധ്യമായിരുന്നു അപര്‍ണ. പാര്‍ട്ടിയില്‍ സുശിന്‍ ശ്യാം ഒരുക്കിയ സംഗീത വിരുന്നില്‍ അപര്‍ണ പാട്ട് പാടുന്ന വീഡിയോ വൈറലായിരുന്നു.