'ആനന്ദകരമായ അനുഭവം'; ഗായിക ആശാ ഭോസ്ലേയെ വസതിയിലെത്തി സന്ദർശിച്ച് അമിത് ഷാ

asha bhosle

പ്രശസ്ത ചലച്ചിത്രപിന്നണിഗായിക ആശാ ഭോസ്ലേയെ വസതിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിങ്കളാഴ്ചയായിരുന്നു പ്രിയ ഗായികയെ അദ്ദേഹം സന്ദർശിച്ചത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആശാ ഭോസ്ലേയുടെ അനു​ഗ്രഹം തേടിയ അദ്ദേഹം വിഖ്യാത ഫോട്ടോ​ഗ്രാഫർ ​ഗൗതം രാജധ്യക്ഷ പകർത്തിയ ആശാ ഭോസ്ലെയുടെ ചിത്രങ്ങളടങ്ങിയ അവരുടെ ഫോട്ടോബയോഗ്രഫിയായ ബെസ്റ്റ് ഓഫ് ആശ എന്ന പുസ്തകവും പ്രകാശനംചെയ്തു.

അമിത് ഷാ എക്സിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ ​ആശാ തായ് എന്നാണ് ഗായികയെ വിശേഷിപ്പിച്ചത്. "അവരെ കണ്ടുമുട്ടുന്നത് എപ്പോഴും ആനന്ദകരമായ അനുഭവമാണ്. മുംബൈയിൽ വെച്ച് ഇന്ത്യൻ സംഗീതത്തെയും സംസ്കാരത്തെയും കുറിച്ച് അവരുമായി സമ്പന്നമായ ഒരു ചർച്ച നടത്തി. അവർ എല്ലാവർക്കും ഒരു പ്രചോദനമാണ്, അവരുടെ ശബ്ദം നമ്മുടെ സംഗീത വ്യവസായത്തിന് അനുഗ്രഹമാണ്." എന്നും അദ്ദേഹം കുറിച്ചു. 

കൂടിക്കാഴ്ചയ്ക്കിടെ ഹം ദോനോ എന്ന ചിത്രത്തിലെ അഭി ന ജാവോ എന്ന ​ഗാനം ആശോ ഭോസ്ലേ ആലപിച്ചു. ഇതിന്റെ വീഡിയോ മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.