ലൈംഗികാതിക്രമ കേസിനുപിന്നാലെ സൈബറാക്രമണം; ശ്രീകുമാറിനൊപ്പമുള്ള പ്രണയാർദ്രചിത്രം പങ്കുവച്ച് സ്നേഹ

Amid controversies Sneha shared a romantic picture with Sreekumar
Amid controversies Sneha shared a romantic picture with Sreekumar

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന പരാതിയിൽ നടൻ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ താരത്തിനെതിരെ കടുത്ത സൈബറാക്രമണമാണ് ഉണ്ടായത്. കേസ് വലിയ രീതിയിൽ വിവാദവും ചർച്ചയുമായതോടെ ഭർത്താവിനെ പിന്തുണച്ച് നടി സ്നേഹ ശ്രീകുമാർ രംഗത്തെത്തി. ശ്രീകുമാറിനൊപ്പമുള്ള പ്രണയാർദ്രചിത്രം പങ്കുവച്ചായിരുന്നു പ്രതികരണം.

‘ഞങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് സ്നേഹ ചിത്രം പങ്കുവച്ചത്. ഇതിനുപിന്നാലെ നിരവധി പേർ സ്നേഹയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. എന്നാൽ, ശ്രീകുമാറിനെതിരെ റജിസ്റ്റർ ചെയ്ത കേസിനെക്കുറിച്ചും പലരും കമന്റുകൾ രേഖപ്പെടുത്തി. കെട്ട്യോൻ പെട്ടുവല്ലേ..?കാര്യങ്ങൾ അറിയാൻ ഇട്ട പോസ്റ്റാണോ? എന്നാണ് ഒരാൾ ചോദിച്ചത്.

അതേസമയം സീരിയല്‍ ചിത്രീകരണത്തിനിടെ നടിയുടെ പരാതിയിലാണ് നടന്മാരായ ബിജു സോപാനം, എസ്.പി.ശ്രീകുമാർ എന്നിവർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. 

കേസ് നിലവിൽ കൊച്ചി തൃക്കാക്കര പൊലീസിന് കൈമാറി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തന്നെ സീരിയൽ നടിയുടെ കേസും അന്വേഷിക്കുമെന്നാണ് വിവരം. നേരത്തെ ഹേമ കമ്മിറ്റിക്കു മുൻപിൽ നടി മൊഴി നൽകിയിരുന്നു.