മികച്ച നടിയായി ഓസ്‌കാര്‍ നാമനിര്‍ദേശം ചെയുന്ന ആദ്യ അമേരിക്കന്‍ ഗോത്ര വനിത ; അഭിമാന നേട്ടവുമായി ലിലി ഗ്ലാഡ്സ്റ്റണ്‍

lily
മികച്ച നടിയായി ഓസ്‌കാര്‍ നാമനിര്‍ദേശം ചെയുന്ന ആദ്യ അമേരിക്കന്‍ ഗോത്ര വനിതയായി ലിലി ഗ്ലാഡ്സ്റ്റണ്‍. 96-ാമത് അക്കാദമി പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശ പട്ടികയിലാണ് ലിലി ഗ്ലാഡ്സ്റ്റണ്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഓസ്‌കാര്‍ നാമനിര്‍ദേശം. മാര്‍ട്ടിന്‍ സ്‌കോര്‍സെസെ സംവിധാനം ചെയ്ത ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍’ എന്ന ചിത്രത്തിലെ അഭിനയമാണ് ഓസ്‌കറില്‍ മാറ്റുരയ്ക്കുന്നത്. അമേരിക്കയിലെ ബ്ലാക്ക്പീറ്റ് ഗോത്ര വിഭാഗക്കാരിയായ ലിലി 2012ലെ ‘ജിമ്മി പി: സൈക്കോതെറാപ്പി ഓഫ് പ്ലെയിന്‍സ് ഇന്ത്യന്‍സ്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്.

ഡേവിഡ് ഗ്രാന്‍ എഴുതി 2017-ല്‍ പുറത്തിറങ്ങിയ ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് അതേ പേരിലുള്ള ചിത്രം ഒരുക്കിയത്. സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസെയും എറിക് റോത്തും ചേര്‍ന്ന് തിരക്കഥ എഴുതി. ലില്ലി ഗ്ലാഡ്സ്റ്റണ് പുറമെ ലിയോനാര്‍ഡോ ഡികാപ്രിയോ, റോബര്‍ട്ട് ഡി നീറോ എന്നിവര്‍ പ്രധാന താരങ്ങളായി. 1920-കളില്‍ ഒക്ലഹോമയില്‍ നടന്ന ഓസേജ് ഗോത്രവര്‍ഗ കൊലപാതക പരമ്പരകളെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടത്തിന് ശേഷം ചരിത്രപരമായ വിജയമെന്നും തന്റെ ഗോത്രത്തിന്റെ വിജയമാണെന്നും ലിലി പ്രതികരിച്ചിരുന്നു. നിരൂപക പ്രശംസ നേടിയ ചിത്രം ഓസ്‌കറില്‍ 10 വിഭാഗങ്ങളില്‍ മത്സരിക്കുന്നുണ്ട്.

Tags