ബിജു മേനോന് ഒപ്പം പിടിച്ചുനില്‍ക്കുക എന്നത് മാത്രമാണ് മറ്റേ നടന് ചെയ്യാനുള്ളത് ; ജിസ് ജോയ്

biju menon

ആസിഫ് അലി, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം തലവന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പൊലീസ് കഥാപാത്രമായെത്തിയ ബിജു മേനോന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് എല്ലാ കോണുകളില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ബിജു മേനോനൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജിസ് ജോയ്.

'ബിജു ചേട്ടന്റെ പ്രത്യേകത എന്തെന്നാല്‍ രണ്ടു നായകന്മാരുള്ള സിനിമയില്‍ പുള്ളിയുടെ ഏരിയ നമ്മള്‍ നോക്കണ്ട, പുള്ളി അത് കൊണ്ടുപോകും. അദ്ദേഹത്തിനൊപ്പം പിടിച്ചുനില്‍ക്കുക എന്നത് മാത്രമാണ് മറ്റേ നടന് ചെയ്യാനുള്ളത്. അദ്ദേഹം ചാക്കോച്ചനൊപ്പവും പൃഥ്വിരാജിനൊപ്പവുമെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ സൂക്ഷ്മമായി അഭിനയിക്കുന്ന നടനാണ്,'
'അഭിനയിക്കുമ്പോള്‍ ഇതിന്റെ ഔട്ടില്‍ അദ്ദേഹം നമ്മളെ കില്ല് ചെയ്യുമെന്ന് നമുക്ക് മനസിലാകില്ല. പുള്ളി അത് ബോധപൂര്‍വ്വം ചെയ്യുന്നതല്ല, 30 വര്‍ഷത്തെ എക്‌സ്പീരിയന്‍സിന്റെ ഗുണമാണ്. അദ്ദേഹം അഭിനയിക്കുമ്പോള്‍ നമുക്ക് തോന്നും ഇത് മതിയോ എന്ന്. എന്നാല്‍ എഡിറ്റിംഗ് സമയത്ത് ആ വിഷ്വല്‍ കാണുമ്പോള്‍ നമ്മള്‍ ഞെട്ടും. തലവന്റെ ഒരു പോസ്റ്ററുണ്ട്, മുകളില്‍ ബിജു ചേട്ടന്റെ ചിത്രവും താഴെ ആസിഫിന്റെ ചിത്രവും. ആ ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്,'
'അതുപോലെ സിനിമയുടെ കഥ പറയുന്ന സമയത്ത് വളരെ ശ്രദ്ധാപൂര്‍വ്വമാണ് അദ്ദേഹം കഥ കേള്‍ക്കുന്നത്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് ഞാന്‍ തലവന്റെ കഥ പറഞ്ഞത്. അത് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഓരോ കഥാപാത്രത്തിന്റെയും പേര് വരെ ഓര്‍ത്തിരുന്നു സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ആ സിനിമയില്‍ രമ്യ എന്നൊരു കഥാപാത്രമുണ്ട്, ആ കഥാപാത്രത്തിന്റെ വീട്ടുപേര് ഒരു തവണ മാത്രമാണ് സിനിമയില്‍ പറയുന്നത്. കഥ കേള്‍ക്കുമ്പോള്‍ ആ വീട്ടുപേര് പോലും അദ്ദേഹം ഓര്‍ത്തിരുന്നു,' ജിസ് ജോയ് പറഞ്ഞു.

Tags