നടൻ അക്ഷയ് കുമാറിന്‌ കോവിഡ് : താരം കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കില്ല
akshaykumar

കോവിഡ്-19 പോസിറ്റീവായതിനെ തുടര്‍ന്ന് ഈ വര്‍ഷം കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കില്ല എന്ന് അക്ഷയ് കുമാര്‍ വെളിപ്പെടുത്തി.
ഇത് രണ്ടാം തവണയാണ് നടന്‍ കോവിഡ് പോസിറ്റീവ് ആവുന്നത്. ദുഃഖകരമായ വാര്‍ത്ത അക്ഷയ് ട്വിറ്ററിലൂടെ പങ്കുവച്ചു.

കാന്‍ 2022 റെഡ് കാര്‍പെറ്റില്‍ സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍, ആര്‍. മാധവന്‍, നവാസുദ്ദീന്‍ സിദ്ദിഖി, നയന്‍താര, തമന്ന ഭാട്ടിയ, ശേഖര്‍ കപൂര്‍, സിബിഎഫ്‌സി മേധാവി പ്രസൂണ്‍ ജോഷി, റിക്കി കെജ് എന്നിവരും മറ്റും അക്ഷയ്ക്കൊപ്പം ചേരുമെന്ന് ഈ ആഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2021 ഏപ്രിലില്‍ അക്ഷയ്‌ കോവിഡ്-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. "ഞാന്‍ കോവിഡ് പോസിറ്റീവ് ആണെന്ന് എല്ലാവരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാ പ്രോട്ടോക്കോളുകളും പിന്തുടര്‍ന്ന്, ഞാന്‍ ഉടന്‍ തന്നെ ഐസലേറ്റു ചെയ്‌തു. ഞാന്‍ ഹോം ക്വാറന്റൈനിലാണ്, ആവശ്യമായ വൈദ്യസഹായം തേടിയിട്ടുണ്ട്. എന്നോട് സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും സ്വയം പരിശോധന നടത്താനും ശ്രദ്ധിക്കാനും ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. വളരെ വേഗം തിരിച്ചെത്തും," അദ്ദേഹം അന്ന് ഇങ്ങനെ പറഞ്ഞു.

തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ പ്രവേശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. "ഊഷ്മളമായ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും എല്ലാവര്‍ക്കും നന്ദി. അതെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് തോന്നുന്നു. ഞാന്‍ സുഖമായിരിക്കുന്നു, പക്ഷേ മെഡിക്കല്‍ ഉപദേശപ്രകാരം മുന്‍കരുതല്‍ നടപടിയായി ഞാന്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഞാന്‍ ഉടന്‍ നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സൂക്ഷിക്കുക," അദ്ദേഹം ആ സമയത്ത് പറഞ്ഞു.

അക്ഷയ് പുതിയ ചിത്രം പൃഥ്വിരാജിന്റെ പ്രമോഷനുകളില്‍ മുഴുകിയ വേളയിലാണ് കോവിഡ് ബാധിതനാവുന്നത്. നിര്‍ഭയനും ശക്തനുമായ പൃഥ്വിരാജ് ചൗഹാന്റെ ജീവിതത്തെ അടിസ്ഥാനമാക്കി, ഘോറിലെ മുഹമ്മദിനെതിരെ ധീരമായി പോരാടിയ നായക കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മുന്‍ ലോകസുന്ദരി മാനുഷി ചില്ലറിന്റെ അരങ്ങേറ്റം കൂടിയാണ് 'പൃഥ്വിരാജ്'. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ജൂണ്‍ മൂന്നിന് ചിത്രം റിലീസ് ചെയ്യും.

Share this story