ആടുജീവിതത്തിനായി പതിനാറ് വർഷം പ്രയത്നിച്ചു എന്ന് വിശ്വസിക്കാനാകുന്നില്ല; പൃഥ്വിയെ പ്രശംസിച്ച് അക്ഷയ് കുമാർ

google news
akshay kumar

സിനിമാപ്രേമികൾ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി - പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം. ഇപ്പോഴിതാ ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തിനായി പൃഥ്വിരാജ് എടുത്ത പ്രയത്നത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ആടുജീവിതം എന്ന സിനിമയ്ക്കായി പൃഥ്വിരാജ് പതിനാറ് വർഷം പ്രയത്നിച്ചു എന്ന് വിശ്വസിക്കാനാകുന്നില്ല എന്ന് അക്ഷയ് കുമാർ പറഞ്ഞു. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'ബഡേ മിയാൻ ചോട്ടെ മിയാൻ' എന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് ഇവൻ്റിലാണ് അക്ഷയ് ഈ കാര്യങ്ങൾ പറഞ്ഞത്.

ഇത് തീർത്തും അവിശ്വസനീയമാണ് എനിക്ക് മാത്രമല്ല ഒരു പക്ഷേ നിങ്ങൾക്കും. ഇന്ത്യയിൽ തന്നെ ഈ ഒരു നടൻ അല്ലാതെ മറ്റാർക്കും ഇത് ചെയ്യാൻ സാധിക്കും എന്ന് തോന്നുന്നില്ല. തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ആടുജീവിതമെന്നും നമ്മുക്ക് എല്ലാവർക്കും പ്രചോദനമാണ് പൃഥ്വി എന്നും അക്ഷയ് പറഞ്ഞു.
പൃഥ്വി രാജിൽ നിന്ന് പല കാര്യങ്ങളും പഠിച്ചുവെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണ് 'ബഡേ മിയാൻ ചോട്ടെ മിയാൻ' . ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രമായ ബഡേ മിയാൻ ചോട്ടെ മിയാനിൽ പൃഥ്വിരാജിനും അക്ഷയ് കുമാറിനും പുറമേ ടൈഗർ ഷ്രോഫ്, മാനുഷി ചില്ലാർ, അലയ, സോനാക്ഷി സിൻഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം എപ്രിൽ 10ന് തീയേറ്ററുകളിൽ എത്തും.