ഐശ്വര്യ രജനികാന്ത് ഒരുക്കുന്ന 'ലാൽ സലാം' ഫെബ്രുവരി 9-ന്

lal salam

രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം നിർവഹിക്കുന്ന 'ലാൽ സലാം'  ഫെബ്രുവരി 9-ന് പുറത്തിറങ്ങും.  ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം.വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്.

 ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായ് ചിത്രം പ്രദർശനത്തിനെത്തും. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാന്റെതാണ് സംഗീതം.

ചിത്രത്തെക്കുറിച്ച് ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ശ്രീ കൃഷ്ണമൂർത്തിയുടെ വാക്കുകൾ,"ലൈക്ക പ്രൊഡക്ഷൻസുമായി വീണ്ടും കൈകോർക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഞങ്ങൾ അറിയിക്കുന്നു. 'ജയിലറി'ന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രമാണ് 'ലാൽ സലാം'. രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ താരകുടുംബത്തോടൊപ്പം പങ്കുചേരാൻ വീണ്ടും സാധിച്ചതിൽ വലിയ അഭിമാനമുണ്ട്. ഭാവിയിൽ ഇനിയും ഒരുപാട് സിനിമകൾ ലൈക്ക പ്രൊഡക്ഷൻസുമായ് സഹകരിച്ചുകൊണ്ട് ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു".

വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തിൽ 'മൊയ്ദീൻ ഭായ്' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. '3', 'വൈ രാജ വൈ' എന്നീ ചിത്രങ്ങൾക്കും 'സിനിമാ വീരൻ' എന്ന ഡോക്യുമെന്ററിക്കും ശേഷം എട്ട് വർഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് 'ലാൽ സലാം'.

Tags