തലൈവര്‍ക്ക് പിന്നാലെ ഫഹദും ആന്ധ്രയിലെത്തി; വേട്ടയ്യന്‍ ഷൂട്ടിങ് പുരോഗമിക്കുന്നു

google news
fahad

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'വേട്ടയ്യനി'ലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. വലിയൊരു താരനിര തന്നെ ഭാഗമാകുന്ന സിനിമയുടെ പുതിയ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് ആന്ധ്രപ്രദേശിലെ കടപ്പയില്‍ ആരംഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ആന്ധ്രാ ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

രജനികാന്തും ഫഹദ് ഫാസിലും കടപ്പ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രചരിക്കുന്നുണ്ട്. റാണാ ദഗുബട്ടിയും ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൂര്‍ണ്ണമായി രജനികാന്ത് സ്‌റ്റൈലില്‍ ഒരുക്കുന്ന സിനിമയായിരിക്കും ഇതെന്നും വേനല്‍ക്കാല റിലീസായി വേട്ടയ്യന്‍ തീയേറ്ററില്‍ എത്തുമെന്നും സൂചനകളുണ്ട്.
അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷന്‍ തുടങ്ങി വമ്പന്‍ താരനിര സിനിമയുടെ ഭാഗമാണ്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.

Tags