ഇനി അൽപ്പം ഭക്തി കൂടിയാകാം; അഡള്‍ട്ട് ഒടിടി പ്ലാറ്റ്ഫോമായ 'ഉല്ലു' പുരാണ ഭക്തി സീരിസുകള്‍ക്കായി പുതിയ ഒടിടി തുടങ്ങുന്നു

google news
ullu

ദില്ലി: അഡള്‍ട്ട് 18+ വീഡിയോ കണ്ടന്‍റുകള്‍ സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമായ ഉല്ലുവിന്‍റെ സിഇഒയുമായ വിഭു അഗർവാൾ പുരാണ ഭക്തി വീഡിയോ കണ്ടന്‍റുകള്‍ക്കായി പുതിയ ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നു. 'ഹരി ഓം' എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം 2024 ജൂണിൽ ആരംഭിക്കും. എല്ലാ പ്രായക്കാര്‍ക്കുമായുള്ള ഭക്തി പുരാണ ഉള്ളടക്കങ്ങളാണ് ഈ പ്ലാറ്റ്ഫോമില്‍ വരാന്‍ പോകുന്നത്. 

വീഡിയോ, ഓഡിയോ ഫോർമാറ്റുകളിൽ ഭജനകൾ ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. ഒപ്പം തന്നെ മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും ചെറുപ്പക്കാർക്കും 20-ലധികം പുരാണ ഷോകളും ഇതില്‍ ഒരുങ്ങുന്നുണ്ട്. പുരാണവുമായി ബന്ധപ്പെട്ട ആനിമേറ്റഡ് സീരിസുകളും ഇതില്‍ ഉണ്ടാകും. 

“ഇന്ത്യക്കാരെന്ന നിലയിൽ, നമ്മുടെ വേരുകൾ, സംസ്കാരം, പാരമ്പര്യം, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനവും ആദരവും വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യൻ പുരാണങ്ങളിലുള്ള ജനങ്ങളുടെ താല്‍പ്പര്യം തിരിച്ചറിഞ്ഞാണ് ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകർക്കായി ഹരി ഓം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്" എന്ന് അഗർവാൾ പ്രസ്താവനയിൽ പറഞ്ഞു.

ശ്രീ തിരുപ്പതി ബാലാജി, മാതാ സരസ്വതി, ഛായാ ഗ്രാഹ് രാഹു കേതു, ജയ് ജഗന്നാഥ്, കൈകേയി കേ റാം, മാ ലക്ഷ്മി തുടങ്ങിയ നിരവധി സീരിസുകള്‍ ഹരി ഓമിന്‍റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രമുഖ നടന്മാരും നടിമാരും ഈ സീരിസുകളില്‍ എത്തുന്നുണ്ട്. 

ഈ ഫെബ്രുവരിയിൽ ഉല്ലു ഡിജിറ്റൽ ഐപിഒ വഴി ഫണ്ട് സമാഹരിക്കാനുള്ള അപേക്ഷ സെബിക്ക് കൈമാറിയിരുന്നു. അതേ സമയം പരാതികളെ തുടർന്ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയവും സെബിയും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ഉല്ലുവിനെതിരെ അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടയിലാണ് പുതിയ ഭക്തി പ്ലാറ്റ്ഫോം.